ഭിന്നശേഷിയുള്ള കുട്ടികളുടെ ബഡ്സ് സ്കൂളിനായി വാങ്ങിയ സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം നിര്‍മിക്കുന്നതിന് എതിരെ പ്രതിഷേധം. മലയാലപ്പുഴ പഞ്ചായത്തിലാണ് ബഡ്സ് സ്കൂള്‍ നിര്‍മാണം അട്ടിമറിച്ചത്. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് മാലിന്യ കേന്ദ്ര നിര്‍മാണം തടഞ്ഞു.
മലയാലപ്പുഴ കോഴിക്കുന്നത്ത് ആണ് ബഡ്സ് സ്കൂളിന് സ്ഥലം വാങ്ങിയത്.പഞ്ചായത്തിന്‍റെ 2018–19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്.നാട്ടുകാര്‍ സ്കൂള്‍ പ്രതീക്ഷിക്കുമ്പോഴാണ് പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനുള്ള കേന്ദ്രം നിര്‍മിക്കാന്‍ തുടങ്ങിയത്.ഒട്ടേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ഇവിടം
നിലവില്‍ പഞ്ചായത്തില്‍ നല്ല രീതിയില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പഞ്ചായത്തിന്‍റെ വാദം. ഹരിതസേനയ്ക്ക് മാലിന്യം വേര്‍തിരിക്കാന്‍ സ്ഥലം വേണം.ശുചിമുറി അടക്കം സൗകര്യം ഒരുക്കണമെന്നുമാണ് പഞ്ചായത്ത് പറയുന്നത്. ഒരു തരത്തിലും മാലിന്യം തരംതിരിക്കല്‍ കേന്ദ്രം അനുവദിക്കില്ലെന്നും സ്കൂള്‍ വരണമെന്നും നാട്ടുകാര്‍ പറയുന്നു. മാലിന്യം തരംതിരിക്കാന്‍ ജനസാന്ദ്രത കുറഞ്ഞ സ്ഥലം കണ്ടെത്തട്ടെ എന്നാണ് നാട്ടുകാരുടെ നിലപാട്.