തിരുവല്ല കുരിശുകവലയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാകുന്നു. ഇടുങ്ങിയ റോഡിലെ ഡിവൈഡറുകൾ പലതും വാഹനമിടിച്ച് തകർന്ന നിലയിലാണ്. ഗതാഗതം നിയന്ത്രിക്കുകയോ റോഡിന് വീതി കൂട്ടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ രാവിലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണിത്. എംസി റോഡിലെ കുരിശു കവലക്കും എസ്.സി.എസ് കവലയ്ക്കുമിടയിൽ ഇത്തരത്തിൽ ഒരു അപകടം ആഴ്ചയിൽ ഒന്നെങ്കിലുമുണ്ട്. ഓവർടേക്കിങ് അവസാനിപ്പിക്കാൻ സ്ഥാപിച്ച ഡിവൈഡറുകൾ വാഹനമിടിച്ച് തകരുന്ന അവസ്ഥ. എം.സി റോഡിൽ ഈ ഭാഗത്ത് വീതി കുറവായതാണ് പ്രശ്നം. ഇതിനിടെ ഡിവൈഡറുകളില്ലാത്ത ഇടങ്ങളിലൂടെ യൂ ടേൺ എടുക്കാനും വാഹനം നിർത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഡിവൈഡറുകൾ നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതി ഏഴുമാസം മുമ്പ് തീരുമാനിച്ചതാണ്. എന്നാൽ ഇത് നടപ്പാക്കിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും അപകടങ്ങൾ കൂടുമെന്നുമാണ് ട്രാഫിക് പൊലീസിൻ്റെ വിലയിരുത്തൽ. അതേസമയം റോഡിൻറെ വീതി കൂട്ടി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.