ശബരിമല തീർത്ഥാടന കാലത്ത് എരുമേലിയിൽ പേട്ടതുള്ളൽ സാമഗ്രികൾ വിൽക്കുന്നതിന് താൽക്കാലിക കച്ചവടക്കാർ ആവശ്യപ്പെടുന്നത് ശബരിമലയിൽ തീരുമാനിച്ചതിനേക്കാൾ അഞ്ചിരിട്ടി തുക. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യാനുള്ള എരുമേലിയിലെ താല്‍ക്കാലിക കച്ചവടക്കാരുടെ നിലപാടുകളിൽ പ്രതിക്ഷേധിച്ച് ശബരിമല കർമസമിതി നാമജപയാത്ര നടത്തി.
ഒരു രൂപയിൽ താഴേ ലഭിക്കുന്ന ശരക്കോലിന് 50 രൂപ വേണമെന്നതടക്കമാണ് എരുമേലിയിലെ താൽക്കാലിക കച്ചവടക്കാരുടെ ആവശ്യം.കഴിഞ്ഞ ദിവസം കോട്ടയം സബ് കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ ലേല വ്യവസ്ഥയിൽ ഒരു ശരക്കോലിന് പരമാവധി 10 രൂപ എന്ന് ദേവസ്വം ബോർഡ് വില നിശ്ചയിക്കുമ്പോളാണ് എരുമേലിയിൽ ഇതിൻ്റെ അഞ്ചിരട്ടി ഈടാക്കാനുള്ള നീക്കമെന്ന് ശബരിമല കർമസമിതി ആരോപിച്ചു .
അരക്കച്ച, കിരീടം, ഗദ തുടങ്ങിയവയ്ക്കും എരുമേലിയിലെത്തുന്ന തീർത്ഥാടകരിൽ നിന്ന് അന്യായ വിലയാണ് ഈടാക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നുമാണ് ശബരിമല കർമസമിതിയുടെ നിലപാട്.
മുൻ വർഷങ്ങളിൽ ശരക്കോലിനടക്കം വില നിശ്ചയിക്കാത്തതിനാൽ ലീഗൽ മെട്രോളജി വിഭാഗത്തിന് കേസ് എടുക്കുവാൻ സാധിച്ചിരുന്നില്ല. ജനകീയ ആവശ്യ പ്രകാരമാണ് ഇവയ്ക്ക് വിലനിർണയിക്കുവാനുള്ള തീരുമാനം. എരുമേലി പേട്ട ശാസ്താ ക്ഷേത്രം മുതൽ ധർമശാസ്താ ക്ഷേത്രം വരെ ശബരിമല കർമസമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപ യാത്ര നടത്തി.