തിരുവനന്തപുരം കാട്ടാക്കട സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ അഞ്ചു എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ. രാത്രി മാരകായുധങ്ങളുമായി എത്തിയ 20 അംഗ സംഘത്തിന്റെ ആക്രമണത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് പരുക്കേറ്റത്. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് എസ്.ഡി.പി.ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാത്രി ഒൻപതരയോടെയാണ് ഏരിയ കമ്മിറ്റി ഓഫീസിൽ ആക്രമണമുണ്ടായത്. ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ 20 അംഗ സംഘം ആക്രമിച്ചു. ആളുകൂടിയതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സംഘത്തിൽ ഒരാൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. മറ്റൊരാളുടെ പേഴ്സും പാർട്ടി ഓഫീസിൽ നിന്ന് കണ്ടെടുത്തു. ബൈക്കും പേഴ്സും എസ്.ഡി.പി.ഐ നേതാക്കളുടെതാണെന്ന് പൊലീസ് കണ്ടെത്തി. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ നേതാക്കൾ പാർട്ടി ഓഫീസ് സന്ദർശിച്ചു.
ഡിവൈഎഫ്.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ പിടിക്കിട്ടാപ്പുള്ളിയായ എസ്.ഡി.പി.ഐ പ്രവർത്തകൻ കട്ടയ്ക്കോട് ഗ്രൌണ്ടിൽ ഇന്നലെ ഫുട്ബോൾ കളിക്കാനെത്തിയിരുന്നു. ഇക്കാര്യം ഡിവൈഎഫ്ഐക്കാർ പൊലീസിനെ അറിയിച്ചു. ഗ്രൌണ്ടിൽ വച്ച് ഇരുക്കൂട്ടരും തമ്മിൽ ഏറ്റുമുട്ടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ സംഘർഷത്തിന്റെ ബാക്കിപ്രതമാണ് പാർട്ടി ഓഫീസിലുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്.