പാഠഭാഗത്തിനായുള്ള വിഡിയോ ചിത്രീകരണം കുട്ടികളെ പഠിപ്പിക്കും മുൻപ് റീൽസാക്കി പരീക്ഷിച്ച് അധ്യാപകർ. തിരുവല്ല നഗരസഭാ ജീവനക്കാരുടെ റീൽസാണ് പ്രചോദനം. പത്തനംതിട്ട കടമ്പനാട് സ്കൂളിലെ 12 അധ്യാപകർ ചേർന്നാണ് റീൽസ് ഒരുക്കിയത്.
കടമ്പനാട് കെ.ആർ. കെ.പി.എം.ബി. എച്ച്.എസിലെ വിഡിയോ ആണ് അധ്യാപക ഗ്രൂപ്പുകളിലെ ചർച്ച.
ഒൻപതാം ക്ലാസിലെ കലവിദ്യാഭ്യാസം യൂണിറ്റ് മൂന്നിലെ ഭാവാനുഭവം എന്ന പാഠത്തിലെ അഭിനയം, വിഡിയോ ചിത്രീക രണം, എഡിറ്റിങ് എന്നിവയെപ്പറ്റി അധ്യാപകരും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ദൃശ്യം ചിത്രീകരിച്ചത്. സ്കൂളിലെ കന്റീൻ ചായക്കടയാക്കിയും സ്കൂൾ വരാന്തകളിലുമായിരുന്നു ചിത്രീകരണം.
അവധി ദിവസമായിരുന്നു ചിത്രീകരണം. അധ്യാപകർ ഒരുക്കിയ റീൽസ് കുട്ടികൾക്കും പ്രചോദനമാകും എന്നാണ് പ്രതീക്ഷ. റീൽസിൽ പരീക്ഷിച്ചതൊക്കെ കുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. പ്രത്യേക ദിവസങ്ങളെക്കുറിച്ചും, പാഠഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളും അടുത്തയാഴ്ച തുടങ്ങും.