എം.സി.റോഡില്‍ പന്തളം മാന്തുകയിലെ ദുരന്തവളവില്‍ അപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ ഇല്ലെന്ന് നാട്ടുകാര്‍. വളവിലെ വര്‍ക് ഷോപ്പില്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങളും അപകടത്തിന് കാരണമാകുന്നുണ്ട്. ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായിട്ടും കെഎസ്ടിപിയുടെ ഭാഗത്ത് നിന്നടക്കം കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയര്‍പോര്‍ട്ടില്‍ നിന്ന് മകളെയും കൂട്ടി വന്ന ജയശ്രീയെന്ന യുവതി ഇവിടെ അപകടത്തില്‍ മരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും സാരമായി പരുക്കേറ്റു. തൊട്ടടുത്ത ദിവസം ലോറിയും വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവോണദിവസമടക്കം നാലുപേര്‍ ഇതേ സ്ഥലത്ത് മരിച്ചു. ഇതിനിടയിലുള്ള ചെറുതുംവലുതുമായ അപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല. കാഴ്ച മറയ്ക്കുന്ന വളവും അമിതവേഗവുമാണ് അപകടങ്ങളുടെ പ്രധാനകാരണം.
അപകടവളവിലെ വര്‍ക് ഷോപ്പില്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ച കാറുകള്‍ സംസ്ഥാനപാതയോരത്ത് നിരനിരയായിക്കിടക്കുന്നു. ഇതിലേക്കടക്കം വാഹനങ്ങള്‍ ഇടിച്ചു കയറുന്നുണ്ട്. തൊട്ടടുത്ത് ഒരു യുപിസ്കൂളുണ്ട്. അധ്യാപകരടക്കം കാവല്‍നിന്നാണ് വിദ്യാര്‍ഥികളെ റോഡ് കടത്തുന്നത്. അടുത്തിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ട് കുട്ടികള്‍ക്കാണ് സാരമായി പരുക്കേറ്റത്. മോട്ടോര്‍ വാഹനവകുപ്പും പൊലീസും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.