ശബരിമലയില്‍ എട്ടുമാസമായി കെട്ടിക്കിടക്കുന്ന ആറരലക്ഷം അരവണ നീക്കുന്നതില്‍ ഇപ്പോഴും പ്രതിസന്ധി. ടെണ്ടര്‍ കൊടുത്ത ഏക കമ്പനി രണ്ടുകോടിയാണ് ചോദിക്കുന്നത്. സന്നിധാനത്തെ ഹാളില്‍ നിറച്ചിരിക്കുന്ന അരവണടിന്നുകളില്‍ പലതും പൊട്ടി മണം വന്നു തുടങ്ങി.
സന്നിധാനത്തെ പ്രധാന ഗോഡൗണില്‍ ഒന്നരവര്‍ഷമായി കെട്ടിക്കിടക്കുന്ന അരവണയാണ്. 6.65 ലക്ഷം ടിന്‍. എലയ്ക്കയിലെ കീടനാശിനിക്കേസാണ് അത്രയും അരവണ നശിക്കാന്‍ കാരണം. സുപ്രീംകോടതി അരവണ നശിപ്പിക്കാന്‍ പറഞ്ഞിട്ട് എട്ടു മാസമായി. കഴിഞ്ഞ മാസമാണ് ടെണ്ടര്‍ വിളിചത്. ആദ്യ ടെണ്ടറില്‍ പങ്കെടുത്തത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് മാത്രം. വീണ്ടും ടെണ്ടര്‍ വിളിച്ചപ്പോള്‍ വന്നതും ഇതേ കമ്പനി മാത്രം. ചോദ്യം രണ്ടുകോടി. അരവണ മൂലം നഷ്ടമായ ആറരക്കോടിക്ക് പുറമേ രണ്ടുകോടി കൂടി ദേവസ്വം ബോര്‍ഡ് നഷ്ടം സഹിക്കണം. അത് കൊണ്ട് മൂന്നാം ടെണ്ടര്‍ വിളിക്കാനാണ് ആലോചന. ദേവസ്വം ബോര്‍ഡിന്‍റെ അനാസ്ഥ ഗുരുതരമെന്നാണ് ആരോപണം.
ടിന്നുകള്‍ പൊട്ടി പുറത്തുവന്ന അരവണ പുളിച്ച് കോടപോലെയുള്ള ഗന്ധം വന്നാല്‍ മണം പിടിച്ച് ആനകള്‍ എത്താനുള്ള സാധ്യതയുമുണ്ട്. അടുത്ത സീസണിലേക്കുള്ള അരവണ ഉല്‍പാദിപ്പിച്ച് ശേഖരിക്കാനുണ്ട്. സന്നിധാനത്ത് നിന്ന് അരവണ പമ്പയിലെത്തിച്ച് മറ്റേതെങ്കിലും സ്ഥലത്ത് വിശ്വാസത്തെ ബാധിക്കാതെ സംസ്കരിക്കണം എന്നാണ് തീരുമാനം. ആദ്യം കോടതി വിധി വന്നപ്പോള്‍ സീസണ്‍ കഴിയട്ടെ എന്നു പറഞ്ഞു. മകരവിളക്ക് കഴിഞ്ഞ് അഞ്ചുമാസമായിട്ടും അരവണ നീങ്ങിയിട്ടില്ല.