കേന്ദ്രം സംസ്ഥാനത്തിന് വിട്ടുകൊടുത്ത ഭൂമിയാണ് ഇപ്പോള്‍ പത്തനംതിട്ട വടശേരിക്കരയിലെ ജനങ്ങളുടെ ഉപദ്രവം. ഭൂമി കിട്ടി വര്‍ഷങ്ങളായിട്ടും ഒരു പദ്ധതിയും തുടങ്ങാതെ കാട് പിടിച്ചു കിടക്കുകയാണ്. ഇപ്പോള്‍ പാമ്പുകളുടേയും പന്നികളുടേയും വളര്‍ച്ചാ കേന്ദ്രമാണ്.
പണ്ട് യൂക്കാലി മരങ്ങളുടെ തോട്ടമായിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് നാല് വര്‍ഷം മുന്‍പ് സ്ഥലം സംസ്ഥാനത്തിന് വിട്ടുകൊടുത്തു. പിന്നെ ഭൂമി കാടുകയറി. റാന്നി വടശേരിക്കരയില്‍ ശബരിമല അനുബന്ധപാതയോട് ചേര്‍ന്നാണ് സ്ഥലം. തൊട്ടടുത്ത് 110 കെവി സബ്സ്റ്റേഷന്‍. കാടു വളര്‍ന്നതോടെ പന്നികള്‍ പെറ്റുപെരുകി. പലവിധ പാമ്പുകളും നിറഞ്ഞു. ഇഴജന്തുക്കളുടെ ശല്യമാണ് സമീപവാസികള്‍ നേരിടുന്ന പ്രധാന ഉപദ്രവം.
ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്ത് എന്തെങ്കിലും പദ്ധതി തുടങ്ങണമെന്ന് റാന്നി പഞ്ചായത്ത് പലവട്ടം ആവശ്യപ്പെട്ടു. യൂഡിഎഫ് ഭരണകാലത്ത് ഇവിടെ ചില പദ്ധതികള്‍ ആലോചിച്ചിരുന്നതാണ്. പക്ഷെ അക്കാലത്ത് ഭൂമി വിട്ടുകിട്ടിയിരുന്നില്ല. ഒന്നും പറ്റിയില്ലെങ്കില്‍ കാടെങ്കിലും തെളിച്ചിടൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.