നോട്ടുനിരോധനത്തിന്റെ പത്താം വർഷത്തിൽ അന്നുണ്ടായ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിലാണ് കൊല്ലം പുലിയിലയിലെ രാധാമണിയും കുടുംബവും. നല്ലിലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ ക്യൂ നിൽക്കുമ്പോഴാണ് ഭർത്താവ് ചന്ദ്രശേഖരൻ കുഴഞ്ഞുവീണ് മരിക്കുന്നത്. ചാത്തന്നൂർ BSNL ലെ മുൻജീവനക്കാരനായിരുന്നു ചന്ദ്രശേഖരൻ. ഒരായുസ്സിലെ മഴ മുഴുവൻ ഒരു നിമിഷത്തിൽ പെയ്തുതീർന്നു. പക്ഷേ ചന്ദ്രശേഖരന്റെ ഓർമ്മകൾക്ക് മാത്രം മരണമില്ല. പാതിവഴിയിൽ നിലച്ച സ്വപ്നങ്ങൾ. കണ്ണീരിന്റെ കയ്പ്പുള്ള 10 വർഷം. 2016ലെ നോട്ടു നിരോധനം രാധാമണിയുടെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരേടാണ്...

അന്നൊരു നവംബർ 21. നോട്ട് നിരോധനത്തിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നല്ലില ബ്രാഞ്ചിലേക്ക് യാത്ര പറഞ്ഞിറങ്ങിയതാണ് ചന്ദ്രശേഖരൻ. ബിഎസ്എൻഎലിൽ നിന്ന് വിരമിച്ച ശേഷമുള്ള പണം കൈപ്പറ്റാനായിരുന്നു യാത്ര. പക്ഷേ ബാങ്കുകൾക്ക് മുന്നിലുള്ള നീണ്ട ക്യൂ ആ മനുഷ്യനെ ചതിച്ചു.  10 വർഷം കഴിഞ്ഞിട്ടും ആ ദിനം രാധാമണിയുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. 

'ഇന്ന് പോകണ്ട, തിങ്കളാഴ്ച തിരക്കുള്ള ദിവസമാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. പോയി സമയം കഴിഞ്ഞിട്ടും വന്നില്ല. രണ്ടര കഴിഞ്ഞപ്പോഴുണ്ട് ഒരു പയ്യൻ ഇവിടെ വന്നു, അണ്ണന് സുഖമില്ല. ബാങ്കില്‍ വച്ച് ശരീരത്തിന് തളർച്ച വന്ന് അഡ്മിറ്റ് ആയിരിക്കുവാണെന്ന് പറഞ്ഞു. ഇവിടെ നിന്നവരെല്ലാം പറഞ്ഞു, ഇനി ഇപ്പം പോകണ്ട, ഇപ്പോള്‍ വരും കുഴപ്പമൊന്നുമില്ലെന്ന്. അങ്ങനെ ഞാൻ ഇവിടെ ഇരിക്കുമ്പോള്‍ പിള്ളേര് വന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി. നിന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഇത് ഞാൻ ഉദ്ദേശിച്ച രീതിയിലല്ല എന്ന്,' പറയുമ്പോള്‍ രാധാമണിയുടെ കണ്ണുകള്‍ നിറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം പല മാറ്റങ്ങളും വന്ന് ചേർന്നു. ഇതിനിടയിലും പുലിയിലയിലെ ഈ വീട്ടിൽ, കണ്ണീരിന്റെ കണക്ക് പുസ്തകവും നോക്കി രാധാമണി തനിച്ചിരിപ്പുണ്ട്.

ENGLISH SUMMARY:

On the tenth anniversary of demonetisation, the family of Chandrasekharan from Puliylia in Kollam remains haunted by the tragic memories of his untimely demise. The former BSNL employee collapsed and died while standing in a long, exhausting queue outside the State Bank of India branch in Nallila to withdraw his retirement benefits on November 21, 2016. A decade later, his grieving wife, Radhamani, still struggles to cope with the sudden loss that disrupted their family's dreams and left them in perpetual sorrow. While the nation has moved on with economic changes, Radhamani continues to live in solitude with the painful reminders of that fatefully tragic day.