ജീവിതത്തിലെ അന്ധതയോട് പൊരുതി സംഗീതത്തെ ജീവിതമാക്കിയിരിക്കുകയാണ് വാളത്തുങ്കൽ സ്വദേശി കൃഷ്ണൻകുട്ടി. കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ പാട്ടുപാടിയാണ് കൃഷ്ണൻകുട്ടി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നത്. അന്ധതയേകിയ ഇരുട്ടിനോട് കൃഷ്ണൻകുട്ടിയുടെ പോരാട്ടത്തിന് കരുത്തായത് സംഗീതമാണ്. പ്രണയവും പ്രതീക്ഷയും കാത്തിരിപ്പുമെല്ലാം നിറഞ്ഞ പാട്ടുകളിലൂടെ അദ്ദേഹം തന്റെ ജീവിതത്തെ തന്നെ സംഗീതമാക്കി മാറ്റുന്നു.
കൊല്ലം ജില്ലാ ആശുപത്രിയുടെ മുന്നിൽ നിസ്സഹായരായി കഴിയുന്ന മനുഷ്യർക്ക് കൃഷ്ണൻകുട്ടിയുടെ പാട്ടുകൾ ആശ്വാസത്തിന്റെ കിരണമാകുകയാണ്. ചികിത്സയ്ക്കായി എത്തുന്നവരുടെ നെടുവീർപ്പുകൾക്കിടയിൽ പാട്ടിലൂടെ ഒരു നിമിഷം ആശ്വാസം പകരുകയാണ് കൃഷ്ണൻകുട്ടി. കാതോർത്തിരിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിയുമ്പോൾ ചിലർ കൃഷ്ണൻകുട്ടിക്ക് ചെറിയ സാമ്പത്തിക സഹായവും നൽകുന്നു. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിനുള്ള മറ്റൊരു കൈത്താങ്ങ്.
ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് മുന്നിൽ നിന്ന് തന്റെ ചെറിയ ആഗ്രഹങ്ങളും കൃഷ്ണൻകുട്ടി പങ്കുവെച്ചു. മരുന്നുകളുടെ മണവും ചികിത്സയുടെ വേദനയും അനുഭവിക്കുന്ന മനുഷ്യർക്ക് സ്വരമാധുര്യം കൊണ്ട് ആശ്വാസം പകരുന്ന കൃഷ്ണൻകുട്ടിയുടെ പാട്ടുകൾക്കായി നാളെയും ആശുപത്രിക്ക് മുന്നിൽ ആളുകൾ കാതോർക്കും.