കൊല്ലം പെരുമൺ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും കിടത്തി ചികിത്സ അനുവദിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
പനയം പഞ്ചായത്തിലെ പെരുമണിൽ 1960 ലാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത്. അന്നുണ്ടായിരുന്നത് ഒരു ഡോക്ടറുടെ സേവനം മാത്രം. കിടത്തി ചികിത്സയും മോർച്ചറി സൗകര്യങ്ങളും തുടക്കത്തിൽ ലഭിച്ചു. വർഷങ്ങൾക്കിപ്പുറം പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും വന്നെങ്കിലും കിടത്തി ചികിത്സ നിലച്ചു. ആകെയുള്ളത് മൂന്ന് ഡോക്ടർമാരും ഒ.പി സൗകര്യവും മാത്രം. വൈകിട്ട് ആറുമണിക്ക് ശേഷം രോഗികൾ മറ്റേതെങ്കിലും ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ.
കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. ദിനംപ്രതി നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.
അടുത്തിടെയാണ് 30 ലക്ഷം രൂപ ചെലവഴിച്ച് ലബോറട്ടറി സംവിധാനം വികസിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കിടത്തി ചികിത്സ ഉടൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.