അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടുകയാണ് കൊല്ലം കുന്നിക്കോട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ ഫർണിച്ചറുകളും ബോർഡുകളും മോശമായതോടെ വിദ്യാർഥികൾക്ക് പഠിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. മഴ പെയ്യുമ്പോൾ വെള്ളം കയറി സ്കൂൾമുറ്റം ചെളിക്കുളമാകുന്നതും വിദ്യാർഥികളെ വലയ്ക്കുന്നു.
വിളക്കുടി കുന്നിക്കോട് ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുരിതം. പ്രീ പ്രൈമറി തലം മുതൽ 120 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ആകെയുള്ള ആറ് ക്ലാസ് മുറികളിൽ പഠിക്കാനാവശ്യമായ ഫർണിച്ചർ സൗകര്യമോ, ബ്ലാക്ക് ബോർഡുകളോ ഇല്ല. ഉണ്ടായിരുന്നവയെല്ലാം കാലപ്പഴക്കംകൊണ്ട് ദ്രവിച്ചെന്ന് ഹെഡ്‌മിസ്ട്രസ് ഷീബ പറയുന്നു.
സ്കൂളിനു മുന്നിലൂടെ ഒഴുകിയിരുന്ന ഓട മണ്ണിട്ടു മൂടിയതോടെ മഴക്കാലത്ത് മുറ്റത്ത് വെള്ളം കയറിത്തുടങ്ങി. ഇതോടെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്‍ററിലേക്ക് എത്തുന്നവരും പ്രതിസന്ധിയിലായി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും.