കൊല്ലം അച്ചൻകോവിലിലെ ആദിവാസി കുടുംബം അനുഭവിക്കുന്ന കടുത്ത ദുരിതത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി കുടുംബത്തിന്റെ അവസ്ഥ നേരിട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ ഇടപെടൽ.
മേഖലയിലെ ആദിവാസി കുടുംബത്തിന്‍റെ കടുത്ത ദാരിദ്ര്യവും കുട്ടികളുടെ മോശം അവസ്ഥയും നേരിട്ട് കണ്ടിട്ടും അത് വകുപ്പിൽ യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന എസ്.ടി. (ST) പ്രൊമോട്ടറെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കിയതായി മന്ത്രി അറിയിച്ചു. സംവിധാനത്തിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ തിരുത്താൻ വകുപ്പ് മേധാവി എന്ന നിലയിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേവലം ഒരു ഉദ്യോഗസ്ഥയെ മാത്രം ബലിയാടാക്കില്ലെന്നും, വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അടിയന്തരമായി ഭക്ഷണക്കിറ്റുകൾ എത്തിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദിവാസി ക്ഷേമത്തിനായി ഫണ്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി അർഹരിലേക്ക് എത്തുന്നതിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽപ്പെട്ടതാണെങ്കിലും അവർക്ക് കൃത്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി നിയമസഭയിൽ വെച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും കാർഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അച്ചൻകോവിലിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ കർശനമായി പരിശോധിക്കും. ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. നേരത്തെ ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായും,മറ്റ് ഉദ്യോഗസ്ഥര്യമായും മന്ത്രി ചർച്ച നടത്തിയിരുന്നു.