kottarakkar

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അപകടസമയത്ത് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നെന്നും, അമിതവേഗതയിലാണ് ടിപ്പർ ഓടിച്ചിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേരാണ് ബസ് കാത്തിരിപ്പ് ഷെഡിലേയ്ക്ക് ടിപ്പർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചത്. ശ്രദ്ധാപൂർവം വാഹനമോടിക്കുകയും ഗതാഗതനിയമങ്ങൾ പാലിക്കുകയും ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ.

അപകടത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തേത്, ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന കണ്ടെത്തൽ. രാവിലെ 7.11-നായിരുന്നു അപകടം. അതിന് തൊട്ടുമുമ്പ് 7.10-ന് ഡ്രൈവർ നിസാം നടത്തിയ ഫോൺവിളി അപകടം നടന്നതോടെയാണ് അവസാനിച്ചതെന്ന് കോൾ റെക്കോർഡുകൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു.

രണ്ടാമത്തെ കാരണം അമിതവേഗമാണ്. ഇറക്കം ഇറങ്ങി പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഭാരം കയറ്റിയ വാഹനങ്ങൾ മണിക്കൂറിൽ 20 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. എന്നാൽ അപകടസമയത്ത് ടിപ്പർ മണിക്കൂറിൽ 56.3 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് വാഹനത്തിലെ ജി.പി.എസ്. വിവരങ്ങളിൽ നിന്ന് കണ്ടെത്തിയത്.

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടുത്തി കാത്തിരിപ്പ് ഷെഡിലേയ്ക്ക് ഇടിച്ചുകയറാൻ കാരണമായതെന്നാണ് റിപ്പോർട്ടിന്റെ നിഗമനം. അപകടത്തിൽപ്പെട്ട ടിപ്പർ ഓടിക്കാൻ ആവശ്യമായ ഹെവി വാഹന ലൈസൻസ് ഡ്രൈവർക്ക് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ നിസാം ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

ENGLISH SUMMARY:

The Kottarakkara tipper accident, which resulted in three deaths, was caused by the driver's negligence. The investigation report from the Motor Vehicles Department clearly indicates that the driver was using a mobile phone and speeding at the time of the accident, highlighting driver negligence as a primary cause.