കൊല്ലം കാവനാട്ട് ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗത്തെ  നിര്‍മാണം  നിര്‍ത്തിവെയ്പിച്ച് കലക്ടര്‍. പരിശോധനാ റിപ്പോര്‍ട് വരുംവരെ നിര്‍മാണം നിര്‍ത്തിവെയ്ക്കാനാണ് കലക്ടറുടെ ഉത്തരവ്.  ടാറും, മെറ്റലും കുഴച്ചിട്ട് ഉഴപ്പുപണിയിലൂടെ വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം ഇന്നലെ നാട്ടുകാര്‍ തടഞ്ഞിരുന്നു.  

നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ വിളളല്‍ രൂപപ്പെട്ടത് രണ്ടു ദിവസം മുന്‍പ്. ആരും കാണാതെ വിള്ളല്‍ അടയ്ക്കാനായിരുന്നു ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടേയും ശ്രമം. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഉഡായിപ്പ് പണി പറ്റില്ലെന്നു കലക്ടറും തീര്‍ത്തു പറഞ്ഞു. പിഡ്ബ്ല്യുഡി എന്‍.എച്ച് എന്‍ജിനിയര്‍, പിഡബ്ല്യുഡി റോഡ് എന്‍ജിനിയര്‍, ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത റിപ്പോര്‍ട് കിട്ടും വരെനിര്‍മാണംനിര്‍ത്തിവെയ്ക്കണമെന്നതാണ് ഉത്തരവ്. റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്കും കൈമാറും. മൈലക്കാട് ഉയരപ്പാതയും സര്‍വീസ് റോഡും തകര്‍ന്നപ്പോഴും സമാന കമ്മിററിയാണ് അന്വേഷിച്ചത്. പിന്നീടാണ്  എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനു തീരുമാനമെടുത്തത്.  100 മീറ്ററോളം നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ എങ്ങനെയുണ്ടായെന്നു പരിശോധിക്കാതെ  ടാറും മെറ്റലുമപയോഗിച്ച് അടയ്ക്കാനായിരുന്നു ദേശീയപാത അതോറിറ്റിയുടെ ശ്രമം. 

മണ്ണിന്‍റെ ഘടന പോലും മനസിലാക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടിയം മൈലക്കാട് ഉയരപ്പാതയും സര്‍വീസ് റോഡും ഇടിഞ്ഞു വീഴാന്‍ കാരണം. കാവനാട് വിളളല്‍ വീണതോടെ നാട്ടുകാരും വലിയ ഭയപ്പാടിലാണ്.

ENGLISH SUMMARY:

Kollam Kavanaad highway crack has led to a halt in construction as ordered by the Collector. The Collector's directive mandates a stop until an inspection report is submitted, following public intervention against attempts to patch the crack with tar and metal.