കൊല്ലം കോര്പറേഷനിലെ ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിനും സ്വീവജ് ട്രീറ്റ്മെന്റ് പ്ലാന്റിനും ഇനിയും രണ്ടു വർഷം കാത്തിരിക്കണം. പദ്ധതി പകുതി പോലും ആകാതെയാണ്. കഴിഞ്ഞ ഭരണസമിതി ആറുമാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞതെന്നും മേയർ എ.കെ.ഹഫിസ്. സ്വീവജ് പ്ലാന്റിൽ നെറ്റ്‌വർക്ക് പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല
കൊല്ലം പോളയത്തോട് സ്ഥാപിച്ച മെക്കനൈസ്ഡ് എയ്റോബിക് യൂണിറ്റ് കോർപറേഷനിലെ 3–4 ഡിവിഷനുകളിൽ ഒന്ന് എന്ന നിലയിൽ സ്ഥാപിക്കുമെന്നു മേയർ എ.കെ.ഹഫീസ്. ജൈവമാലിന്യം സംസ്കരിക്കുന്നതിനായി കുരീപ്പുഴയിലെ പ്ലാന്റ് പൂർത്തിയാകാൻ 2 വർഷത്തോളം എടുക്കും . അതുവരെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനാണ് നടപടി. പോളയത്തോടുള്ള സംവിധാനം വിജയകരമാണെന്നാണ് മനസ്സിലാക്കുന്നത്. 600 കിലോഗ്രാം വരെ ദിവസം ഇവിടെ സംസ്കരിക്കുന്നുണ്ട്. ഇത് ഒരു ടൺ വരെ വർധിപ്പിക്കാൻ സാധിക്കും. കുരീപ്പുഴയിലെ സുവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുചിമുറി മാലിന്യം വീടുകളിൽ നിന്ന് എത്തിക്കാനുള്ള നെറ്റ്‌വർക് സംവിധാനം ഇനിയും സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇനിയും 2 വർഷത്തോളം അതിന് വേണ്ടിവരും. നെറ്റ്‌വർക് ഒരുക്കാതെയാണ് പ്ലാന്റ് നിർമിച്ചത്. ഉപകരണങ്ങൾ കേട് വരുമെന്നതിനാൽ ഇടക്കിടയ്ക്കു ട്രയൽ റണ്ണുകൾ നടത്തേണ്ടി വരും. അതിന് പ്രത്യേക ചെലവും കണ്ടെത്തേണ്ടി വരും.
നെറ്റ്‌വർക് സംവിധാനം സ്ഥാപിച്ചാലും കുരീപ്പുഴ, മുളങ്കാടകം, കാവനാട്, തങ്കശ്ശേരി, തേവള്ളി, കച്ചേരി തുടങ്ങിയ ഡിവിഷനുകളിലേക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ പദ്ധതി എത്തുകയുള്ളൂ. അതിനായി കുരീപ്പുഴ ശ്മശാനത്തിലും ടി.എം.വർഗീസ് മെമ്മോറിയൽ പാർക്കിലും പമ്പിങ് സ്റ്റേഷനും സ്ഥാപിക്കേണ്ടി വരും.