കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ അവിലും മലരും പഴവും വെച്ച് സിപിഎം മുന്‍ കൗണ്‍സിലറുടെ കൊലവിളി ഭീഷണി. പാര്‍ടിക്കാരനെതിരെ എസ്.ഐ കേസെടുത്തതാണ് എം. സജീവിന്‍റെ പ്രകോപനകാരണമെന്നു എഫ്.ഐ.ആര്‍. എന്നാല്‍ സ്റ്റേഷനിലെത്തിയെന്നത് ശരിയാണെന്നും അവിലും മലരും പഴവും വെച്ചിട്ടില്ലെന്നുമാണ് മുന്‍ കൗണ്‍സിലറുടെ പ്രതികരണം.
ശനിയാഴ്ച വൈകുന്നേരം സ്റ്റേഷനിലെത്തിയ പള്ളിമുക്ക് മുന്‍ കൗണ്‍സിലര്‍ എം. സജീവ് നിന്നെ ശരിയാക്കുമെടാ, നിന്‍റെ പണി കളയിക്കുമെടാ എന്നു പറഞ്ഞായിരുന്നു എസ്.ഐ രഞ്ചിത്തിനെതിരെയുള്ള കൊലവിളി ഭീക്ഷണി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ സജീവിനേയും സംഘത്തിനേയും തടഞ്ഞു. പിന്നാലെ സ്റ്റേഷനിലെ ഗ്രില്‍ വലിച്ചു പൊട്ടിക്കാനും ശ്രമിച്ചെന്നു എഫ്.ഐ.ആര്‍ പറയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് പെട്രോള്‍ പമ്പില്‍ നിന്നു പുറത്തിറങ്ങവെ അവിടത്തു ജീവനക്കാരിയെ ഇടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു.
നാട്ടുകാര്‍ പിടിച്ചുവെച്ച ബൈക്ക് പൊലീസ് കസ്റ്റിയിലെടുത്തു. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബൈക്ക് വിട്ടു നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. ഇതിനു മറുപടിയായാണ് സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തിയത്.
11 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ പ്രചരിക്കുന്നത് അവാസ്തവമാണെന്നും സ്റ്റേഷനിലെത്തിയവരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മറ്റെല്ലാം അവാസ്തവമാണെന്നുമാണ് സജീവിന്‍റെ പ്രതികരണം. പാര്‍ടി വിലക്കുള്ളതിനാല്‍ ക്യാമറക്ക് മുന്നില്‍ പ്രതികരിക്കാനില്ലെന്നും മനോരമ ന്യൂസിനോട് പറഞ്ഞു.