കല്ലുവാതുക്കല്‍ മണയത്ത് കടുത്ത കുടിവെള്ള പ്രതിസന്ധി. കഴിഞ്ഞ ദിവസം കിണറ്റില്‍ വീണു രണ്ടു പേര്‍ മരിച്ച ഇവിടെ ജലജീവന്‍ മിഷനുള്ള പൈപ്പ് കുഴിച്ചിട്ടിട്ടും കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി. വേനലായാല്‍ പണം കൊടുത്താണ് ഇവിടുള്ളവര്‍ കുടിവെള്ളം ഉള്‍പ്പെടെ വാങ്ങുന്നത്.
നാട് സ്മാര്‍ട്ടായെന്നു വലിയ വായില്‍ വീമ്പു പറയുന്നവര്‍ ഈ പാവങ്ങള്‍ പറയുന്നത് കൂടി കേള്‍ക്കണം. ഒരു നാട്ടിലും ഇല്ലാത്ത കുടിവെള്ള പ്രതിസന്ധിയാണ് ഇവിടെ താമസിക്കുന്നനൂറിലധികം വരുന്ന കുടുംബങ്ങള്‍ അനുഭവിക്കുന്നത്. നാട്ടില്‍ നിന്നു വളരെ ഉയരത്തിലാണ് മണയത്തെ ഈ സാധാരണക്കാര്‍ താമസിക്കുന്നത്. കിണര്‍ കുഴിച്ചാല്‍ മുകളില്‍ നിന്നു നോക്കിയാല്‍ കാണാത്തത്ര താഴ്ചയിലെത്തിയാലാണ് വെള്ളം കാണുന്നത്. കിണര്‍ കുഴിക്കാനിറങ്ങുന്നവര്‍ വരെ ജീവന്‍ പണയംവെച്ചാണ് ഇറങ്ങുന്നത്. താഴെ ചെന്നാല്‍ പലപ്പോഴും ജീവ വായു കിട്ടാന്‍ ബുദ്ധിമുട്ടാണ്. പത്തും പന്ത്രണ്ടും കുടുംബങ്ങള്‍ ചേര്‍ന്നാണ് ഒരു കിണര്‍ കുഴിക്കുന്നത്. അത്രത്തോളം പണം ഇതിനായി ചെലവാകും
കഴിഞ്ഞ ദിവസമാണ് വെള്ളം കോരുന്നതിനിടെ ഒരാള്‍ കിണറ്റില്‍ വീണത്.അയാളെ രക്ഷിച്ച് മുകളിലേക്ക് കൊണ്ടു വരുന്നതിനിടെ കിണറിന്‍റെ പാലം പൊട്ടി വീണാണ് രണ്ടു പേരും മരണപ്പെട്ടത്.