കൊല്ലം അഞ്ചലില്‍ ഹരിതകര്‍മസേനയുടെ ചെണ്ടുമല്ലി, പച്ചക്കറി കൃഷി സൂപ്പര്‍ഹിറ്റാണ്. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു സമീപത്തായി തരിശു ഭൂമിയിലാണ് ഇവര്‍ കൃഷിയിറക്കിയത്. നിറയെ പൂത്തുനില്‍ക്കുന്ന ഇവിടം ഇപ്പോള്‍ നാട്ടുകാരുടെ സെല്‍ഫി പോയിന്‍റ് കൂടിയാണ്.
മൂന്നിടങ്ങളിലായി ചെണ്ടുമല്ലി കൃഷിയും , ഒരിടത്ത് പച്ചക്കറി കൃഷിയുമാണ് നടത്തിയത്. മൂന്നിടത്തും ലഭിച്ചത് നല്ല വിളവ്. ഓണമായതോടെ കുതിച്ചുയര്‍ന്ന പൂവില നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം. അത്തം മുതല്‍ തിരുവോണം വരെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഇവിടെ നിന്നും പൂ കിട്ടുന്നത്. ഹരിത കര്‍മ സേനയ്ക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് ഗ്രാമ പഞ്ചായത്താണ്.
ക്ഷേത്രങ്ങളടക്കം സഹകരിക്കുകയാണെങ്കില്‍ പൂ കൃഷി സ്ഥിരമാക്കാനുള്ള ആലോചനയും ഹരിത കര്‍മ്മ സേനയ്ക്കുണ്ട്. 28 പേരടങ്ങുന്ന ഹരിത കര്‍മ സേനയിലെ ഓരോ ദിവസവും ഓരോ സംഘങ്ങളായി തിരിഞ്ഞായിരുന്നു പൂ കൃഷി പരിപാലനം.