TOPICS COVERED

സ്വന്തം കുടുംബാംഗങ്ങളെക്കാള്‍ സ്നേഹത്തോടെ വളര്‍‌ത്തിയ നായ മരിച്ചാല്‍ എന്തു ചെയ്യും.  കാര്‍ഡടിച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി സഞ്ചയനം നടത്തിയെന്നു മാത്രമല്ല പതിനാറ് ദിന കര്‍മങ്ങളും നടത്താനൊരുങ്ങുകയാണ് കൊല്ലം കടപ്പാക്കടയിലെ സോമരാജന്‍റെ കുടുംബം. കുട്ടപ്പായി എന്നു സ്നേഹത്തോടെ വിളിക്കുന്ന പഗ്ഗ് ഇനത്തിലെ നായയ്ക്കുവേണ്ടിയാണ് വീട്ടിലെ ആള്‍ മരിച്ചാല്‍ ചെയ്യുന്ന എല്ലാ മരണാനന്തര കര്‍മ്മങ്ങളും ചെയ്യുന്നത്.

45 ദിവസം പ്രായമുള്ളപ്പോഴാണ് കുട്ടപ്പായി ഇവരുടെ വീട്ടിലേക്കെത്തുന്നത്. പിന്നീട് ഇവരുടെ നടപ്പിലും, കിടപ്പിലും, യാത്രയിലും എന്നു വേണ്ട ജീവിതത്തിന്‍റെ എല്ലാത്തിലും കൂട്ടായി കുട്ടപ്പായി ഉണ്ടായിരുന്നു. വിസ്കി എന്നതു യഥാര്‍ഥ പേര്. 

പതിനൊന്നു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന കുട്ടപ്പായിയുടെ വിയോഗം ചൊവ്വാഴ്ചയായിരുന്നു. പെട്ടിയിലായിരുന്നു അടക്കം. കര്‍മങ്ങളും ചെയ്തു. ഞങ്ങളുടെ കുട്ടപ്പായിയുടെ സ്നേഹ സ്മരണയ്ക്കായി ശനിയാഴ്ച ഒത്തുകൂടാന്‍ കാര്‍ഡടിച്ച് നാട്ടുകാരെയും സഞ്ചയത്തിനു ക്ഷണിച്ചു. കര്‍മങ്ങള്‍ക്കുശേഷം ഇഡ്ഡലിയും, സാമ്പാറും, വടയും  അടക്കം സഞ്ചയനത്തിനു ഭക്ഷണവും വിളമ്പി.

പതിനാറ് കഴിഞ്ഞാല്‍ പറശ്സിനിക്കടവ് മുത്തപ്പന്‍റെ സന്നിധിയില്‍ വിസ്കിയുടെ വെള്ളിരൂപം സമര്‍പ്പിക്കും. പിന്നെ സംസ്കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും . അവിടെ വയ്ക്കാന്‍ പ്രതിമയ്ക്കും ഓര്‍ഡര്‍ ചെയ്തു. വീട്ടിലെത്തിയാല്‍ നിറയെയുള്ള ഓര്‍മപൂക്കളുടെ മുന്നില്‍ കുട്ടപ്പായിയുടെ ഫോട്ടോയും കാണാം.