TOPICS COVERED

കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിർമാണത്തിന് ഒടുവിൽ സംസ്ഥാന സർക്കാരിന്‍റെ പച്ചക്കൊടി. രൂപരേഖയടക്കം തയാറായെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ ഗ്യാരേജ് പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുക.  

ഏത് സമയവും സീലിംഗ് ഇളകി തലയിലേക്ക് വീഴാവുന്ന അവസ്ഥ, പൊട്ടിപ്പൊളിഞ്ഞ കെട്ടിടം, മനോരമ ന്യൂസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു നിരന്തരം അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഒടുവിൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷമായെന്നു സർക്കാർ അറിയിപ്പ് വന്നു. പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കും. അതിനായുള്ള ഭരണാനുമതി സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചു. 

മൂന്ന് നിലകളിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഒന്നാം നിലയിൽ ബസ് സ്റ്റാൻഡ്, രണ്ടാം നിലയിൽ ഓഫീസ്, മൂന്നാം നിലയിൽ വിശ്രമ മുറികൾ എന്ന തരത്തിലാകും നിർമാണം. ബസുകളുടെ ചെറിയ അറ്റക്കുറ്റപ്പണികൾക്കായുള്ള ക്രമീകരണവും ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടാകും. വലിയ അറ്റകുറ്റപണികൾ ചാത്തന്നൂർ ഡിപ്പോയിലാകും നടത്തുക. സംസ്ഥാന സർക്കാരിൽ നിന്നുള്ള പത്ത് കോടി രൂപയും സ്ഥലം എംഎൽഎ എം. മുകേഷിന്‍റെ ആസ്ഥി വികസന ഫണ്ടിൽ നിന്നുള്ള അഞ്ച് കോടി രൂപയും ഉപയോഗിച്ചാണ് നിർമാണം. 

നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ സമുച്ചയം നിർമിക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

ENGLISH SUMMARY:

The long-awaited construction of the Kollam KSRTC Bus Stand has finally received the state government's green light. Finance Minister K.N. Balagopal announced that the blueprints are ready and construction will commence soon. The new bus stand will be built on the site currently occupied by the KSRTC garage. This development is expected to significantly improve public transportation facilities in Kollam.