കൊല്ലം നഗരത്തിലെ താമരക്കുളത്ത് കുടിവെള്ളം കിട്ടാക്കനിയായ 1500 കുടുംബങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസം. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പരിഹാരമായി കുഴല്‍കിണര്‍ കുഴിച്ച് നഗരസഭ. മേയര്‍ പ്രസന്ന ഏണസ്റ്റിന്‍റെ വാര്‍ഡിലായിരുന്നു കുടിവെള്ള പ്രതിസന്ധി.
തുള്ളിവെള്ളം കുടിക്കാനില്ലാതെ നരകജീവിതം നയിക്കുകയായിരുന്നു നഗര മധ്യത്തിലെ താമരക്കുളം നിവാസികള്‍. ബോസ്കോ പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം തടസപ്പെട്ടതോടെയാണ് കുടിവെള്ള ക്ഷാമത്തിലേക്ക് പോയത്. മേയറോട് പരാതി പറഞ്ഞാല്‍ കുഴല്‍ക്കിണര്‍ തകരാറെന്ന് മറുപടി. നഗരദുരിതം അതേപടി മനോരമ ന്യൂസ് ഒപ്പിയെടുത്ത് ലോകത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അധികൃതര്‍ കണ്ണു തുറന്നത്. ഭൂഗര്‍ഭ ജല വിഭവ വകുപ്പിന്‍റെ സഹായത്തോടെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിലേക്ക് ഒടുവില്‍ നഗരസഭ കടന്നു.
വേനലിലായിരുന്നു കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായത്. കുഴല്‍ക്കിണര്‍ വരുന്നതോടെ കുടിവെള്ളക്ഷാമത്തിനു പരിഹാരം ആകുമെന്നാണ് കരുതുന്നത്. രണ്ടു ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.