കൊല്ലം പുനലൂർ താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടർമാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ഹൃദ്രോഗ, ശിശുരോഗ വിഭാഗങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ഫൊറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ മൃതദേഹ പരിശോധന മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയാണ്.
ഹൃദ്രോഗ വിദഗ്ധനെ നിയമിക്കാന്‍ രണ്ടുവർഷം മുന്‍പ് അനുമതി ലഭിച്ചെങ്കിലും ഇതുവരെ ഡോക്ടര്‍ എത്തിയിട്ടില്ല. ഇപ്പോള്‍ കാർഡിയോളജി ഒപി ഉപയോഗിക്കുന്നത് ന്യൂറോളജിസ്റ്റാണ്. അതും നാലുദിവസം മാത്രം. ശിശുരോഗ വിഭാഗത്തിലും ഇതുതന്നെയാണ് അവസ്ഥ. പ്രധാന പീഡിയാട്രിക് ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. രണ്ട് ജൂനിയര്‍ ഡോക്ടർമാരാണ് ആശ്രയം.
ഫൊറൻസിക് സർജന്റെ നിയമനം കഴിഞ്ഞമാസം റദ്ദാക്കിയതോടെ മൃതദേഹപരിശോധനയും ഇല്ലാതായി. ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കായിരുന്നു ഫൊറൻസിക് സർജന്റെ ചുമതല. കഴിഞ്ഞ മാസം അതും ഇല്ലാതായതോടെ മൃതദേഹങ്ങൾ പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെത്തിക്കേണ്ട അവസ്ഥയാണ്.
425 കിടക്കകളുളള ആശുപത്രിയില്‍ 40 ഡോക്ടർമാരടക്കം 410 ജീവനക്കാരുമുണ്ടെങ്കിലും രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടും തികയില്ല. ഒ.പി വിഭാഗത്തിൽ മാത്രം ദിവസം ശരാശരി 2500 രോഗികളാണ് എത്തുന്നത്. ജില്ലാ ആശുപത്രിയുടെ തലത്തിലേക്ക് ഉയര്‍ത്തി ജീവനക്കാരുടെ കുറവ് നികത്തണമെന്നാണ് ആവശ്യം.