നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളത്തിന്‍റെ ക്യാമറാ ബോക്സ് തകർത്ത് ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ കവർന്നു. മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലുമായി.

തോട്ടപ്പള്ളി തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന വള്ളത്തിലാണ് മോഷണം നടന്നത്. നീർക്കുന്നം പുതുവൽ ജനിമോന്‍റെ ഉടമസ്ഥതയിലുള്ള വേൽ അയ്യൻ എന്ന നീട്ടുവള്ളത്തിന്‍റെ ക്യാമറാ ബോക്സാണ് തകർത്തത്.കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിന് ശേഷം തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്നതാണ്. പുലർച്ചെ മത്സ്യ ബന്ധനത്തിന് പോകാനായി തൊഴിലാളികളെത്തിയപ്പോഴാണ് വള്ളത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറാ ബോക്സ് തകർന്ന നിലയിൽ കണ്ടത്. ഇതിന്‍റെ ചില്ല് തകർക്കാനുപയോഗിച്ചുവെന്ന് കരുതുന്ന മുളയും വള്ളത്തിന് സമീപമുണ്ടായിരുന്നു. ക്യാമറാ ബോക്സിലുണ്ടായിരുന്ന വയർ ലസ്, ജി.പി.എസ്, എക്കോ സൗണ്ട് ,ക്യാമറ എന്നിവ നഷ്ടപ്പെട്ടു.7 മുതൽ 12 വരെ തൊഴിലാളികളാണ് ഇതിൽ മത്സ്യ ബന്ധനത്തിന് പോകുന്നത്.

വള്ളമുടമ തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തോട്ടപ്പള്ളി തുറമുഖത്തിന് സമീപം മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാണെന്നാണ് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വള്ളത്തിന്‍റെ എഞ്ചിൻ മോഷ്ടിച്ചിരുന്നു. രണ്ട് മാസം മുൻപ് അഞ്ച് വള്ളങ്ങളിലെ ഉപകരണങ്ങളാണ് കവർന്നത്.

Coastal Police Investigate Theft At Thottappally Harbor: