ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ വിഖ്യാതമായ മണ്ണാറശാല ആയില്യം ഇന്ന്. നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കയ്യിലേന്തി, വലിയമ്മയുടെ ആചാരവിധിപ്രകാരമുള്ള എഴുന്നള്ളത്ത് ഇന്ന് ഉച്ചയ്ക്കാണ്. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

എഴുന്നള്ളത്തിൽ ഇളയമ്മ സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവയുടെ നടയും തിടമ്പുമായി വലിയമ്മയെ അനുഗമിക്കും. രാജകീയ ചിഹ്നങ്ങളായ വെള്ളിക്കുട, ചാമരം, കാടി, പഞ്ചവാദ്യം, നാഗസ്വരം, കിൽ, ചെണ്ട, തിമില തുടങ്ങിവ അകമ്പടി സേവിക്കും.

അരമണിക്കൂറോളം നീളുന്ന എഴുന്നള്ളത്ത് ഇല്ലത്തെ പുരാതന നിലവറയിലെത്തും. അവിടെ തളത്തിൽ തയാറാക്കിയ നാഗക്കളങ്ങളിൽ ബിംബങ്ങൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങും. മണിക്കൂറുകൾ നീളുന്ന പുജകൾ പൂർത്തിയാകുന്നതോടെ വലിയമ്മയുടെ അനുഗ്രഹം വാങ്ങി കുടുംബ കാരണവർ തട്ടിന്മേൽ നൂറും പാലും ചടങ്ങു നടത്തും. ഇതോടെയാണ് ആയില്യം നാളിലെ ചടങ്ങുകൾ അവസാനിക്കുക. മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും.

ENGLISH SUMMARY:

Mannarsala Ayilyam festival marks the grand annual procession and sacred rituals led by Valiyamma at the renowned Mannarsala Sree Nagaraja Temple in Alappuzha. Devotees witness unique traditions like the carrying of Nagaraja's golden face and the 'Thattinmel Noorum Palum' ceremony amidst strict security.