അനധികൃതമായി ഉപയോഗിച്ച സർക്കാർ കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത. തീരദേശ വികസന കോർപ്പറേഷൻ ജനറൽ മാനേജർ ഇഗ്നേഷ്യസ് മൺറോ അനധികൃതമായി ഉപയോഗിച്ച കാറാണ് ആലപ്പുഴയിൽ ലോറിയുമായി കൂട്ടിയിടിച്ചത്. മുമ്പ് ജോലി ചെയ്തിരുന്ന ഏജൻസി ഫോർ ഡലപ്പ്മെന്റ് അക്വാകൾച്ചർ വകുപ്പിന്റെ കാറാണ് ഉദ്യോഗസ്ഥൻ ഉപയോഗിച്ചത്. വിഷയത്തിൽ സർക്കാർ റിപ്പോർട്ട് തേടി.
ദേശീയ പാതയിൽ ആലപ്പുഴ നീർക്കുന്നത്ത് ഈ മാസം 12ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. അപകടത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. അതേസമയം ആശുപത്രിയിൽ നിന്നും ഇഗ്നേഷ്യസ് മൺറോ പെട്ടെന്ന് വിടുതൽ വാങ്ങി പോയതിൽ പൊലീസിന് സംശയമുണ്ട്. തീരദേശ വികസന കോർപ്പറേഷൻ ജനറൽ മാനേജരായ ഇദ്ദേഹം എങ്ങനെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള അഡാക്കിന്റെ വാഹനത്തിൽ യാത്ര നടത്തി എന്നതാണ് ദുരൂഹത കൂട്ടുന്നത്.
മുമ്പ് അഡാക്ക് എംഡി ആയിരുന്ന ഇഗ്നേഷ്യസ് മൺറോയെ പുതിയ സർക്കാർ തീരദേശ കോർപ്പറേഷലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറും ഇഗ്നേഷ്യസ് മൺറോയും സഞ്ചരിച്ച കാർ ഇതേ ദിശയിൽ സഞ്ചരിച്ച ലോറിയിൽ ഇടിക്കുകയായിരുന്നു. തീരദേശ വികസന വകുപ്പിന്റെ സ്കൂൾ കെട്ടിട നിർമാണ ഉദ്ഘാടനത്തിനായി അറുത്തുങ്കലിൽ പോകുന്നതായാണ് ഇഗ്നേഷ്യസ് മൺട്രോ ഓഫീസിൽ അറിയിച്ചിരുന്നത്. എന്നാൽ, അങ്ങനെ ഒരു പരിപാടി ക്രമീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്ട്ട്. ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് ഇഗ്നേഷ്യസ് മൺറോ.