TAGS

ആലപ്പുഴ പുന്നപ്രയിൽ പൊളിച്ചിട്ട റോഡിൽ നിർമാണ പ്രവർത്തനം നിലച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. പുന്നപ്ര വടക്ക്  പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിൻ്റെ പുനർനിർമാണമാണ് നിലച്ചത്. ആംബുലൻസോ വാഹനങ്ങളോ ഇതു വഴി വരാത്തതിനാൽ പ്രദേശത്തെ രോഗികളെ  കസേരയിൽ ഇരുത്തി ചുമന്നാണ് വാഹനം വരുന്നിടത്ത് എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നത്.

കഴിഞ്ഞ  നവംബറിൽ നിർമാണോദ്ഘാടനം നടത്തിയ റോഡാണിത്. മെറ്റൽ ഇളക്കി ഇട്ട ശേഷം കുറച്ചു സ്ഥലങ്ങളിൽ തോടിൻ്റെ അരുകിൽ സംരക്ഷണ ഭിത്തി കെട്ടിയശേഷം പണി നിർത്തി.വർഷങ്ങളായി വാഹന ഗതാഗതവും കാൽനട യാത്രയും  ദുഷ്കരമായ ഇവിടെ റോഡ് സഞ്ചാരയോഗ്യമാക്കാൻ നാട്ടുകാർ ഏറെ ശ്രമിച്ചതിൻ്റെ ഫലമായാണ് പുനരുദ്ധാരണ ജോലികൾ തുടങ്ങിയത്. കിടപ്പു രോഗികളും പ്രായമുള്ളവരും പ്രദേശത്തുണ്ട്. നിർമാണം നിലച്ചതോടെ കാൽനട യാത്ര പോലും ദുരിതമാണ്.

ആംബുലൻസ്  എത്താത്തതിനാൽ കസേരയിൽ ഇരുത്തി ഒരു കിലോമീറ്ററോളം ചുമന്നാണ് രോഗികളെ വാഹനമെത്തുന്ന പഴയ നടക്കാവിലേക്ക് കൊണ്ടുവരുന്നത്. തക്ക സമയത്ത് ചികിത്സ കിട്ടാതെ രോഗികളുടെ നില വഷളായ പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കൃഷി സാധനങ്ങൾ പാടശേഖരങ്ങളിലേക്ക് കൊണ്ടുവരുന്നതും, സംഭരിച്ച നെല്ല് ദേശീയ പാതയിലേക്ക് എത്തിക്കുന്നതും ഈ റോഡിലൂടെയാണ്. സംരക്ഷണ ഭിത്തി  നിർമാണത്തിന് പഴയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.ഇതിന് ശേഷമാണ് റോഡ് നിർമാണം നിലച്ചത് .

ENGLISH SUMMARY:

Alappuzha road work stalled in Punnapra has left locals in distress due to halted construction on the Kappakkada Pathilpalam to Aattutheeram road. Residents are facing immense hardship, including carrying patients on chairs to reach ambulances, as the ongoing road repair project remains incomplete.