ആലപ്പുഴ തകഴി തെന്നടി പ്രദേശത്തെ ജനങ്ങൾക്ക് രണ്ടു വർഷമായി കുടിവെള്ളം ഒരു സ്വപ്നമാണ്. എല്ലാ വീട്ടിലും കുടിവെള്ള പൈപ്പ് ഉണ്ടെങ്കിലും വെള്ളം മാത്രം ഇല്ല. പുതിയ ടാങ്ക് പണി തിർന്നാൽ മാത്രമേ കൃത്യമായി കുടിവെള്ളം കിട്ടൂ എന്നാണ് പരാതികൾ നൽകിയപ്പോൾ മറുപടി കിട്ടിയതെന്ന് നാട്ടുകാർ പറയുന്നു.

ചുറ്റും സർവത്ര വെള്ളം , കുടിക്കാൻ തുള്ളി വെള്ളമില്ല എന്ന പ്രയോഗം ചേരുന്നത് കുട്ടനാട്ടിലെ തകഴി തെന്നടി ഗ്രാമത്തിനാണ്. ഇവിടെയുള്ള 400 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട്  രണ്ടു വർഷമായി. തകഴി പഞ്ചായത്തിലെ 4.5 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്.  തെന്നടി ഡീസൻ്റ് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിന് കേഴുന്നത്.  അഞ്ചും ആറും ദിവസം കൂടുമ്പോഴാണ് കുളിക്കുന്നതെന്ന് വീട്ടമ്മമാർ അടക്കമുള്ളവർ പറയുന്നു. ഈ പ്രദേശത്തിന് അരകിലോമീറ്റർ സമീപത്ത് കൂടി പമ്പയാർ ഒഴുകുന്നുണ്ട്. വേനൽ രൂക്ഷമാകുന്നതിന് മുൻപു തന്നെ കിണറുകളും കുളങ്ങളും വറ്റി. 20 ലിറ്റർ വെള്ളം ദിനം പ്രതി 60 രൂപ വീതം നൽകി വാങ്ങിയാണ് പലരും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. തോട്ടിൽ പോള നിറഞ്ഞതിനാൽ തുണികൾ അലക്കാൻ പോലുമാകുന്നില്ല.

വലപ്പോഴും പഞ്ചായത്തിൽ നിന്ന് ടാങ്കിൽ വെള്ളമെത്തിക്കും. പട്ടത്താനത്ത് പുതിയ ടാങ്ക് നിർമാണം പൂർത്തിയാകാതെ വെള്ളം കൃത്യമായി കിട്ടില്ലെന്നാണ് പരാതി നൽകിയപ്പോൾ കിട്ടിയ മറുപടി .മന്ത്രിമാരോ ജില്ലാ കലക്ടറോ അടിയന്തരമായി ഇടപെട്ട് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Alappuzha drinking water crisis is a significant issue in Thakazhi's Thennadi region, where residents have been facing a severe shortage for two years. Despite having piped water connections, the lack of supply has made daily life challenging for approximately 400 families.