കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ആഘോഷമായി  ഉദ്ഘാടനം നടത്തിയിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങാത്ത കെട്ടിടത്തിനു ഇന്ന് വീണ്ടും പ്രവർത്തനോദ്ഘാടനം. സംസ്ഥാന സർക്കാരിന്‍റെ ഹോമിയോ മരുന്നു നിർമാണ സ്ഥാപനമായ ഹോംകോ ആലപ്പുഴ വലിയ കലവൂരിൽ നിർമിച്ച നാലുനിലക്കെട്ടിടമാണു മന്ത്രി വീണാ ജോർജ് വീണ്ടും ഉദ്ഘാടനം നടത്തുന്നത്. പഞ്ചായത്തിന്‍റെ പെർമിറ്റും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയും കിട്ടാത്ത കെട്ടിടത്തിലാണ് പ്രവർത്തനോദ്ഘാടനം നടക്കുന്നത്.

ഈ കാണുന്ന കെട്ടിടം ആദ്യം ഉദ്ഘാടനം ചെയ്തത് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്2021 ഫെബ്രുവരി 17 ന് . അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഓൺലൈനായും മന്ത്രി തോമസ് ഐസക് വേദിയിലും ഉദ്ഘാടനം ചെയ്തു. 150 പേർക്കോളം ജോലി ലഭിക്കുമെന്നു പറഞ്ഞ കെട്ടിടമാണ് അഞ്ചു വർഷത്തിനു ശേഷം വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് പ്രവർത്തനോദ്ഘാടനം നടക്കുമെങ്കിലും ഉൽപാദനം  ആരംഭിക്കാൻ  മാസങ്ങൾ വേണ്ടി വരും. 

ഹോമിയോ ഓയിൻമെന്റുകളുടെയും ഗുളികകളുടെയും നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. പഞ്ചായത്തിന്റെ പെർമിറ്റ് ഇല്ലാത്ത കെട്ടിടത്തിലാണു പ്രവർത്തനോദ്ഘാടനം നടത്തുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ലഭിച്ചിട്ടില്ല.  മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് (ഇടിപി), സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) എന്നിവയുടെ നിർമാണം പൂർത്തിയായിട്ടില്ല. ഇവ പൂർത്തിയായെങ്കിലേ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കൂ. എന്നാൽ മാത്രമേ മരുന്ന് ഉൽപാദനം തുടങ്ങാനാകൂ. നിലവിൽ കെട്ടിടത്തിൽ ഓയിൻമെന്റ്, ഗുളിക നിർമാണത്തിനുള്ള യന്ത്രങ്ങൾ മാത്രമാണുള്ളത്. എക്സൈസ് ലൈസൻസ് ലഭിക്കാത്തതിനാൽ സ്പിരിറ്റ് ഉപയോഗിക്കുന്ന മരുന്നുകളുടെ ഉൽപാദനവും ഉടൻ ആരംഭിക്കില്ല. 110കോടി രൂപ ചെലവിൽ 2.41 ഏക്കറിൽ 91,373 ചതുരശ്ര അടിയിലാണ്​ പുതിയ ഫാക്ടറി കെട്ടിടം നിർമിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Health Minister Veena George has re-inaugurated the HOMCO (Kerala State Homoeopathic Co-operative Pharmacy) building in Alappuzha, which was previously inaugurated five years ago. Despite the formal function, the facility in Valiya Kalavoor lacks essential permits from the local Panchayat and the Pollution Control Board. Key infrastructures like the Effluent Treatment Plant (ETP) and Sewage Treatment Plant (STP) are incomplete, and pharmaceutical production is months away. While the 110-crore project promised employment for 150 people during its first opening in 2021, the current operational status remains stalled due to pending excise licenses and technical clearances.