ഗൾഫിൽ നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാൻ പോയ യുവാവിന് അപകടത്തിൽപ്പെട്ട് ചതുപ്പ് നിലത്തിൽ കിടക്കേണ്ടി വന്നത് രണ്ടു ദിവസം. ശനിയാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ബുധനൂർ സ്വദേശി വിഷ്ണു നായർ ആലപ്പുഴ മാന്നാറിനടുത്ത് അപകടത്തിൽപ്പെട്ടത്. അന്വേഷിച്ചെത്തിയ വാർഡ് മെമ്പറാണ് വിഷ്ണുവിന്‍റെ ജീവൻ രക്ഷിച്ചത്.
ദുബായിൽ ജോലി ചെയ്തുവരുന്ന വിഷ്ണു കല്യാണത്തിന് അവധിയെടുത്ത് ഞായറാഴ്ച നാട്ടിലെത്തിയതാണ്. ഏഴുമണിക്കെത്തി. ഏഴരയോടെ പ്രതിശ്രുത വധുവിന്റെ ഭരണിക്കാവിലെ വീട്ടിലേക്ക് പോയതായിരുന്നു. പക്ഷേ പിന്നീട് ഫോണിൽ ലഭിച്ചില്ല. ഏറെനേരം കഴിഞ്ഞും കാണാതായതോടെ വിഷ്ണുവിന്‍റെ അച്ഛൻ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മാവേലിക്കര കരയംവട്ടം ഭാഗത്ത് നിന്ന് വിഷ്ണു തിരിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ഇന്നലെ അതേ ഭാഗത്തുള്ള എല്ലാ ഇടറോഡുകളും തിരക്കി ഇറങ്ങിയതാണ് വാർഡ് മെമ്പർ രാജേഷ്.
ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് റോഡിൽ നിന്നും 10 അടിയോളം താഴ്ചയുള്ള ചതുപ്പ് നിലത്തിൽ അവശനിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. കയ്യൊടിഞ്ഞു. തലയ്ക്കു മുറിവുണ്ട്. ബൈക്ക് നിയന്ത്രണം തെറ്റി വിഷ്ണു ചതുപ്പിൽ വീണതാകാം എന്നാണ് കരുതുന്നത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണു അപകടനില തരണം ചെയ്തിട്ടുണ്ട്.