ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ. അമ്പലപ്പുഴ കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിനാണ് വീട് നിർമാണത്തിന് ആദ്യ ഘട്ടമായി സഹപാഠികൾ ചേർന്ന്  തുക നൽകിയത്.1989 ൽ പുന്നപ്ര അറവുകാട് സ്കൂളിൽ സുരേഷ് കുമാറിനൊപ്പം  എസ്എസ്എൽസിക്ക് പഠിച്ച സുഹൃത്തുക്കളാണ് സഹായ ഹസ്തവുമായെത്തിയത്.

കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സുരേഷ് കുമാറിന്‍റെ വീട് തകർന്നത്. സുരേഷ് കുമാറിന്‍റെ വൃദ്ധ മാതാവ് തങ്കമ്മ പുറത്തേക്കിറങ്ങിയ സമയത്താണ് വീട് നിലം പൊത്തിയത്. കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത് 30 വർഷം പഴക്കമുള്ള വീട് നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു.

ലൈഫ്  പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം ആരംഭിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തത് പ്രതിസന്ധിയായി. കൂട്ടുകാരന്‍റെ ദുരിതമറിഞ്ഞ 10-ാം ക്ലാസിലെ സഹപാഠികൾ ചേർന്നാണ് അര ലക്ഷത്തിലധികം  രൂപ സമാഹരിച്ച് കൈമാറിയത്. ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് കൂട്ടുകാർ മടങ്ങിയത്.കിടപ്പാടം നഷ്ടമായതോടെ തൊട്ടടുത്ത് ബന്ധുവീട്ടിലാണ്  ഇപ്പോൾ കുടുംബം കഴിയുന്നത്.

ENGLISH SUMMARY:

House damage support is crucial for affected families. Friends provide financial aid to a friend whose house was damaged in heavy rain.