ആലപ്പുഴ അരൂരിൽ 30 വർഷമായി നടക്കാൻ വഴിയില്ലാതെ പത്തോളം കുടുംബങ്ങൾ. അരൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ ഉൾപ്പെടുന്ന ആനുരുത്തിൽ നടപ്പാതയുടെ സമീപത്തുള്ള കുടുംബങ്ങൾക്കാണ് ഈ ദുർഗതി. രാഷ്ട്രീയ വിരോധമാണ് നടപ്പാത ശരിയാക്കാനുള്ള കാലതാമസത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നുപതിറ്റാണ്ടുകളായി നടക്കാനുള്ള നല്ല വഴിക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുടെ വേദനയാണിത്. അരൂർ പെട്രോൾ പമ്പിൻ്റെ സമീപത്ത് നിന്ന് ആരംഭിച്ച് മരിയൂർ പള്ളിക്ക് സമീപം എത്തുന്നതാണ് ആനുരത്തിൽ നടപ്പാത. ഇതുവഴി സഞ്ചരിക്കാനാവില്ല. കാടും പുല്ലും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് ഈ പാത. നേരത്തെ 16-ാം വാർഡിൽ ഉൾപ്പെട്ട പ്രദേശം ഇപ്പോൾ 18-ാം വാർഡിലാണ്.
വഴിയില്ലാത്തതും ഇഴജന്തുക്കളുടെ ശല്യവും കാരണം ഒരു കുടുംബം ഇവിടം വിട്ടുപോയി. കഴിഞ്ഞ രണ്ടുതവണ അംഗമായ ഇടതു പ്രതിനിധി ഈ പ്രദേശത്തൊഴികെ മറ്റെല്ലായിടത്തും വഴിയുണ്ടാക്കി. രാഷ്ട്രീയ വിരോധമാണ് വഴി ശരിയാക്കാത്തതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതി നൽകി. പണം അനുവദിച്ചെന്ന് പ്രസിഡൻ്റ് അടക്കമുള്ളവർ പറഞ്ഞു. എന്നാൽ പഞ്ചായത്തംഗം തുക വകമാറ്റിയെന്ന് പിന്നീട് അറിഞ്ഞു. മറ്റുള്ളവരുടെ വീട്ടുമുറ്റങ്ങളിലൂടെയാണ് ഈപ്പോൾ പ്രദേശ വാസികൾ സഞ്ചരിക്കുന്നത്. വഴിയില്ലാതെ 30 വർഷമായി ദുരിതമനുഭവിച്ചിട്ടും ഇവരുടെ ദുരിതം കാണാൻ അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല.