ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിന് താഴെ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ജീവിതം തള്ളിനീക്കുകയാണ് കാൻസർ രോഗിയായ തലവടി സ്വദേശി പ്രസാദ്. അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച കേരളത്തിൽ നിന്നുതന്നെയാണ് കരളലിയിക്കുന്ന ഈ കാഴ്ച. 2018ലെ പ്രളയത്തിൽ കിടപ്പാടത്തിനൊപ്പം ആധാർ കാർഡും രേഖകളും എല്ലാം ഒഴുകിപ്പോയതോടെയാണ് യാതൊരു ആനുകൂല്യവുമില്ലാതായത്.
പ്രസാദ് ഈ ലോകത്തിൽ ജീവിക്കുന്നുണ്ട് എന്നതിന്റെ തെളിവ് പ്രസാദ് മാത്രമാണ്. ഒരു തുണ്ട് ഭൂമിയില്ല. ആധാർ കാർഡോ വോട്ടർ ഐഡിയോ കയ്യിലില്ല. പ്രളയജലം ഇരച്ചെത്തിയപ്പോൾ തകർന്നുവീണ വീട്ടിൽ നിന്ന് എല്ലാം ഒഴുകിപ്പോയതാണ്. ഉറ്റവരും ഉടയവരും ഉപേക്ഷിച്ചു. ചികിത്സയില്ലാതെ വായിലെ ക്യാൻസർ മൂർച്ഛിച്ചതോടെ ജോലിക്കും പോകാനാകുന്നില്ല.
പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടതോടെ ക്ഷേമ പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകൾ അഭയകേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആധാർ നമ്പർ പോലുമില്ലാത്തതാണ് തടസ്സമാകുന്നത്. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്നേ പ്രസാദിന് ജില്ലാ ഭരണകൂടത്തോട് പറയാനുള്ളൂ.