ആലപ്പുഴ അരൂർ-തുറവൂർ ഉയരപാത നിർമാണം പൂർത്തിയായ ഭാഗങ്ങളിലും ഉയരപ്പാതയുടെ താഴെയുള്ള റോഡിലും ടാറിങ്ങ് തുടങ്ങി. രാത്രി 10 വരെ ചരക്കുവാഹനങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് അരൂർ പള്ളി ജങ്ഷനിലും അരൂർ കവലയിലും 25 പോലീസുകാരെ വിന്യസിച്ചതോടെ കുരുക്കിനും ആശ്വാസമായി.
ഉയരപ്പാത മേഖലയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും പെട്ടതോടെ സംവിധാനങ്ങൾ ഉണർന്നു. ഏറ്റവും കൂടുതൽ കുരുക്കുണ്ടായിരുന്ന അരൂർ ജങ്ഷൻ, അരൂർ അമ്പലക്കവല എന്നിവിടങ്ങളിൽ ജില്ലാ പൊലിസ് മേധാവി നേരിട്ട് ഇടപെട്ട് 25 പൊലിസുകാരെ നിയോഗിച്ചു. മൂന്നു ഷിഫ്റ്റുകളിലായാണ് ഇവർ പ്രവർത്തിക്കുന്നത്.ഇതോടെ അരൂർ തുറവൂർ ഉയര പാതയിൽ ഗതാഗത കുരുക്കിന് താൽക്കാലിക ശമനമായി.
അതേസമയം തന്നെ ഉയരപ്പാര നിർമാണം പൂർത്തിയായ ഭാഗങ്ങളിലും ഉയരപ്പാതയുടെ താഴെയുള്ള റോഡിലും ബാരിക്കേഡുകൾ നീക്കി ടാറിങ് തുടങ്ങി. 12.75 കിലോമീറ്റർ നീളത്തിൽ 5 റീച്ചുകളായാണ് രാജ്യത്തെ ഏറ്റവും നീളമുള്ള ഉയരപ്പാത നിർമിക്കുന്നത്. അവസാന റീച്ചായ തുറവൂർ - കുത്തിയതോട് ഭാഗത്ത് 90 ശതമാനം ജോലികളും പൂർത്തിയായി. നിർമാണം പൂർത്തിയായ മറ്റു ഭാഗങ്ങളിലും ഉടൻ ടാറിങ് നടക്കും. ഒരു ഭാഗം പൂർത്തീകരിച്ച് അതുവഴി വാഹന ഗതാഗതം തിരിച്ചു വിട്ട് മറുഭാഗവും ടാർ ചെയ്യും.ഉയര പാത നിർമ്മാണം ആരംഭിച്ചതു മുതൽ തുടങ്ങിയ ഗതാഗത കുരുക്ക് അരൂർ മുതൽ തുറവൂർ വരെ ജനങ്ങളെ ബന്ധികളാക്കിയ അവസ്ഥയിലായിരുന്നു. ആംബുലൻസുകൾ അടക്കം കുടുങ്ങുന്ന സാഹചര്യവും നിരവധി തവണ ഉണ്ടായി.