ആലപ്പുഴയിലെ സിപിഎം വിഭാഗീയതയുടെ മുഖ്യ കേന്ദ്രമായിരുന്നു കായംകുളം. അവിടത്തെ നഗരസഭാ ഭരണത്തിലുണ്ടായ വിവാദങ്ങളായിരുന്നു ചേരിതിരിവിൻ്റെ കാരണങ്ങളിൽ ഒന്ന്. സംസ്ഥാന നേതൃത്വം പല തവണ നേരിട്ടിടപെട്ട് ശുദ്ധീകരണ പ്രക്രിയ നടത്തിയാണ് കായംകുളത്ത് പാർട്ടിയിൽ സമാധാനമുണ്ടാക്കിയത്. അതുകൊണ്ടു വികസന പ്രവർത്തനങ്ങൾ എല്ലാം വിവാദത്തിൽ മൂടി.
കഴിഞ്ഞ 10 വർഷമായി കായംകുളം നഗരഭരണം കയ്യാളുന്നത് എൽ ഡി എഫ് ആണ്. കായംകുളം നഗരസഭയിൽ ആകെയുള്ള 44 വാർഡുകളിൽ 22 എൽഡിഎഫ് ,18 യുഡിഎഫ്, ബി ജെ പി 4, യുഡിഎഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പട്ടണത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നാണ് എൽഡിഎഫ് ഭരണ സമിതിയുടെ അവകാശ വാദം. നഗരംമാലിന്യ മുക്തമാക്കുകയും സസ്യമാർക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്ക്സ് നിർമ്മിക്കുകയും ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈൽ മാലിന്യ പ്ലാന്റ് ഉൾപ്പെടെ നടപ്പിലാക്കി എന്നുമാണ് എൽഡിഎഫ് പറയുന്നത്
സ്വകാര്യ ബസ് സ്റ്റാന്റ്, ഐ ടി ഐ, സ്റ്റേഡിയം തുടങ്ങി യാതൊന്നും കൊണ്ട് വരുവാൻ എൽ ഡി എഫ് ന് ആയില്ലന്ന് യുഡിഎഫ് പറയുന്നു. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപനം, നഗരസഭയിലെ ലിഫ്റ്റും കൗൺസിൽ ഹാളും തകർന്ന് കിടക്കുന്നത് എന്നിവയിൽ അഴിമതി നടന്നെന് യു ഡി എഫ് ആരോപിക്കുന്നു.
വീണ്ടും കായംകുളം നഗരസഭ ഭരിക്കുമെന്ന് എൽഡിഎഫും ഭരണം പിടിക്കുമെന്ന് യു ഡി എഫും പറയുമ്പോൾ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു. സി പി എമ്മിലെ ഉൾപ്പാർട്ടി വിവാദങ്ങൾ നഗര ഭരണത്തെ ബാധിച്ചിരുന്നു. സിപിഎം പ്രവർത്തകരുടെ സമൂഹ മാധ്യമ പേജുകളിൽ നഗരഭരണത്തിലെ അഴിമതിക്കഥകൾ നിറഞ്ഞിരുന്നു. ഇപ്പോൾ വിവാദങ്ങൾ തീർന്നതിൻ്റെ ആശ്വാസം എൽഡിഎഫിനുണ്ട്. ഭരണം പിടിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലും വിമത ഭീഷണി ഉണ്ടാകുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്.