TOPICS COVERED

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്  വർഷങ്ങളായി തകർന്നു കിടന്ന റോഡിന്‍റെ നിർമാണമാരംഭിച്ചെങ്കിലും  മൂന്നുദിവസം കഴിഞ്ഞപ്പോൾ പ്രവൃത്തികൾ നിലച്ചു. ആലപ്പുഴ തകഴി ആശുപത്രി റോഡിന്‍റെ നിർമാണമാണ് പണമനുവദിച്ചിട്ടും കരാറുകാരൻ പൂർത്തിയാക്കാത്തത്. ഓഗസ്റ്റ് 15 നകം പൂർത്തിയാക്കാമെന്ന വാഗ്ദാനം പാഴ്‍വാക്കായി

ദൗത്യം പദ്ധതിയുടെ ഭാഗമായി മൂന്നുകോടി രൂപാ ചെലവിൽ തകഴി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുകയാണ്. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. എന്നാൽ ആശുപത്രിയിലേക്ക് എത്താനുള്ള റോഡ്  കുണ്ടും കുഴിയുമായി കാൽനടയാത്രക്കു പോലും സാധ്യമാകാത്ത തരത്തിൽ തകർന്നു കിടക്കുകയായിരുന്നുവയോജനങ്ങളടക്കം നൂറിലേറെപ്പേർ നിത്യേന ചികിത്സതേടിയെത്തുന്ന ആശുപത്രിയിലേക്കുള്ള വഴി മഴപെയ്താൽ തെന്നിവീഴുന്ന സ്ഥിതിയായിരുന്നു. 

തകഴി റെയിൽവേ ഗേറ്റടച്ചാൽ സംസ്ഥാന പാതയിലെത്താനുള്ള ഏക മാർഗം കൂടിയാണ് ഈ റോഡ്. ഇത് തകർച്ചയിലായിട്ട് പത്തു വർഷം പിന്നിടുകയാണ്. പ്രളയാനന്തര പുനർനിർമാണപദ്ധതിയിൽപ്പെടുത്തി 2.19 കോടി രൂപയുടെ രുപരേഖ തയ്യാറാക്കി.  2022 സെപ്റ്റംബറിൽ ആരംഭിച്ച നിർമാണ ജോലികളാണ് മൂന്നുകൊല്ലമായിട്ടും എങ്ങുമെത്താത്തത്. 

തകഴി, കരുമാടി, പടഹാരം പ്രദേശങ്ങളിലായി നാലു  വാർഡുകളിലെ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ യാത്രാമാർഗമാണിത്.കരാറുകാരന്‍റെ അനാസ്ഥയാണ് റോഡിന്‍റെ ദുരവസ്ഥയ്ക്ക്  കാരണം. ഏതാനും മാസം മുൻപ് എം എൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പോൾ ഓഗസ്റ്റ് 15-നകം നിർമാണം പൂർത്തിയാ ക്കാമെന്ന് കരാറുകാരൻ ഉറപ്പു നൽകിയിരുന്നു. 

റോഡ് പുനരുദ്ധരിക്കാൻ വർഷങ്ങളായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാട്ടുകാർ സമരത്തിലായിരുന്നുഒരു മാസം മുൻപ്  വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചു. ഇതേതുടർന്ന് ആരംഭിച്ച ജോലികളാണ് മൂന്നു ദിവസം പിന്നിട്ടപ്പോൾ നിലച്ചത്