ആലപ്പുഴയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക് മിഴിവേകി നാൽ പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിരവധി സിനിമകളിലെ ഗാനരംഗങ്ങൾക്ക് അടക്കം ലൊക്കേഷനായിരുന്ന മുപ്പാലം കാലപ്പഴക്കം കാരണം തകർച്ചയിൽ ആയതോടെ അത് പൊളിച്ചാണ് നാൽ പാലം നിർമിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ആലപ്പുഴക്കാരുടെ ഗൃഹാതുര ഓർമയാണ് പഴയ മുപ്പാലം. ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിന് സമീപം വാണിജ്യക്കനാലിൻ്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം . ഒരു കാലത്ത് ആലപ്പുഴയിൽ ചിത്രീകരിക്കുന്ന സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു മുപ്പാലവും പരിസരങ്ങളും .
ഇപ്പോൾ മുപ്പാലം നാൽപാലമായി. ഒപ്പം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി.ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും ഏഴരമീറ്റർ വീതിയുള്ള പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം. 17.82 കോടി രൂപയാണ് നിർമാണ ചിലവ്. കാൽനട യാത്രക്കാർക്ക് നാലു വശത്തേക്കും തടസമില്ലാതെ സഞ്ചരിക്കാനുള്ള നടപ്പാത. സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക പാത, വാടക്കനാൽ, വാണിജ്യ ക്കനാൽ എന്നിവയെ ബന്ധിപ്പിച്ചുള്ള ചെറു ബോട്ടുകൾ, ബോട്ടുജെട്ടികൾ എന്നിവയെല്ലാം അനുബന്ധമായി ഉണ്ടാകും. എം എൽ എ മാരായ പി.പി ചിത്തരഞ്ജൻ, എച്ച് സലാം, കലക്ടർ അലക്സ് വർഗീസ് എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.