വള്ളംകളിയും ഓണവും ഒന്നിച്ചെത്തുന്ന വൈബിലാണ് ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള സാംസ്കാരിക ജാഥയോടെ ആഘോഷം തുടങ്ങി. വള്ളംകളിയും ഓണവും ഒന്നിച്ചെത്തിയതോടെ കായൽ ടൂറിസം മേഖലയ്ക്കും ഉണർവായി.
വള്ളവും വെള്ളവും വേർതിരിക്കാനാവാത്തതുപോലെയാണ് വള്ളം കളിയും ടൂറിസവും. ഓണക്കാലത്ത് നെഹ്റു ട്രോഫി വള്ളംകളിയുമെത്തിയതോടെ ആഹ്ളാദം ഇരട്ടിക്കുന്നു. ടൂറിസം മേഖലയും ഉണർന്നു. സ്വദേശ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു.
വെള്ളപ്പൊക്കവും കനത്ത മഴയും സഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴയിലെ കായൽ ടൂറിസം മേഖല ഉണർന്നു കഴിഞ്ഞു. ഓണം അവധിയും വള്ളം കളിയും എല്ലാം ഒന്നിച്ചെത്തിയതോടെ സകുടുംബം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കുട്ടനാടൻ കാഴ്ചകാണാൻ നിരവധി പേരെത്തുന്നു. വള്ളംകളിക്കാലം ആലപ്പുഴ നഗരത്തിന് ഉൽസവകാലമാണ്: ഓണം മൂഡിനൊപ്പം വള്ളംകളി മൂഡുമായതോടെ വൈബ് ഇരട്ടിയായി.