വീടിന്‍റെ മട്ടുപ്പാവ് ഒന്നാം തരം കൃഷിയിടമാക്കി മാറ്റിയിരിക്കുകയാണ് ആലപ്പുഴയിലെ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും. പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷകനുമായ ഫിറോസും ഭാര്യ നാസിലയും കൂട്ടായി നിന്നപ്പോൾ നാലുവർഷമായി ആലപ്പുഴ വട്ടയാൽ വാർഡിലെ ഫരീദ മൻസിൽ എന്ന വീട് പച്ച മേലാപ്പ് അണിഞ്ഞു.
ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഫരീദയുടെയും ഫാദിയയുടെയും കൃഷിയോടും പരിസ്ഥിതിയോടുമുള്ള ഇഷ്ടമാണ് ഈ മട്ടുപ്പാവിലെ പച്ചപ്പായി വളരുന്നത്. കൃഷി ചെയ്യാൻ ഭൂമിയില്ലാത്തത് പ്രതിസന്ധിയായില്ല , മട്ടുപ്പാവ് കൃഷിക്ക് അത് അവസരമായി. 800 ചതുരശ്ര അടിയുള്ള വീടിന്‍റെ ടെറസിൽ ചട്ടികളിൽ നാനൂറിലധികം ചുവടുകളിലാ പച്ചക്കറികളും പൂച്ചെടികളും.
വിത്ത് തയാറാക്കുന്നതു മുതൽ വിളവെടുക്കുന്നത് വരെ എല്ലാം ചെയ്യുന്നത് ഇരുവരും ചേർന്ന്. വിളവെടുപ്പിന് മൂന്നര വയസുള്ള സഹോദരൻ ഫാദിലും ഒപ്പം ചേരും.കൃഷി ചെയ്യുന്ന ഓരോ പച്ചക്കറിക്കും ചെയ്യേണ്ട വളപ്രയോഗവും പരിപാലന രീതിയും എല്ലാം കൃത്യമായി ഫരീദയ്ക്കും ഫാദിയയ്ക്കും അറിയാം. ജൈവകർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പിതാവ് ഫിറോസ് അഹമ്മദാണ് കൃഷിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്
ജൻമദിനം, ശിശുദിനം അടക്കമുള്ള വിശേഷ ദിനങ്ങളിലെല്ലാം ഓരോ തരം ചെടികൾ നടും. അങ്ങനെ നട്ട റംബൂട്ടാൻ രണ്ടു വർഷത്തിനുള്ളിൽ കായ്ക്കും. വീട്ടിലെ ജൈവ മാലിന്യമെല്ലാം കൃഷിക്ക് വളമാകും. കുട്ടികൃഷി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇത്തവണ പച്ചക്കറി, പഴവർഗ സസ്യങ്ങൾ, പൂക്കൾ എന്നിങ്ങനെ കൃഷിയെ കുഞ്ഞു കർഷകർ വൈവിധ്യവൽക്കരിച്ചു.
വിളവെടുക്കുമ്പോൾ പച്ചക്കറികൾ അയൽക്കാർക്കും സുഹൃത്തുക്കൾക്കും സൗജന്യമായി നൽകും. പ്രമുഖരടക്കം നിരവധി പേർ ഇവരു ടെ കൃഷി കാണാനെത്തി. വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികളും ഇടയ്ക്ക് വരും. 12 ഓളം പുരസ്കാരങ്ങൾ ഇതുവരെ കിട്ടി. ശിശുവികസന വകുപ്പിൻ്റെ ബേട്ടി ബച്ചാവോ , ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡർമാരാണ് ഇരുവരും. മട്ടുപ്പാവിൽ കൃഷിചെയ്യണമെന്നാഗ്രഹമുള്ളവർക്ക് വേണ്ട ഉപദേശങ്ങൾ നൽകാനും ഇരുവരും തയാർ.