ആലപ്പുഴ ഡിവൈ.എസ്.പിയുടെ വാഹനത്തെ മറികടന്നതിന് കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി ഓട്ടോഡ്രൈവറും യാത്രക്കാരനും. മഫ്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ അസഭ്യം പറഞ്ഞതായും തങ്ങളെ പിടികൂടി തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ഇരുവരും ആരോപിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ വാഹനത്തിന് തടസമുണ്ടാക്കി എന്നാണ് പരാതിക്കാരനായ ഡിവൈഎസ്പിയുടെ വാദം.
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലാട് സ്വദേശി അനില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഉടമ രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. തങ്ങള്‍ തെറ്റ് ചെയ്തില്ലെന്നും മഫ്തിയിയില്‍ ആയിരുന്ന പൊലീസുകാര്‍ അസഭ്യം പറഞ്ഞെന്നും ബലമായി വാഹനം പിടിച്ചെടുത്ത് തിരുവല്ല സ്റ്റേഷനില്‍ കൊണ്ടുപോയെന്നും ഇവര്‍ ആരോപിക്കുന്നു.
മദ്യപിച്ചു എന്ന് ആരോപിച്ച് സ്റ്റേഷനില്‍ ബ്രത്തനലൈസര്‍ പരിശോധന നടത്തി.മദ്യപിച്ചില്ലെന്ന് കണ്ടതോടെ ആശുപത്രിയിലെത്തിച്ചു രക്തം പരിശോധിച്ചു.ഇവിടെയും മദ്യപിച്ചില്ല എന്ന് വ്യക്തമായെന്ന് ഉടമ പറയുന്നു.ഇതോടെ പൊലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.