വിട പറഞ്ഞവരുടെ ഡിജിറ്റൽ ഓർമകളുമായ കല്ലറയിൽ QR കോഡ്. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന കരിക്കംപള്ളിൽ കെ.ടി.മത്തായിയുടെയും ഭാര്യ റോസമ്മയുയുടെയും ജീവിതമാണ് ക്യു ആർ കോഡിൽ തെളിയുക.
ആലപ്പുഴ തത്തംപള്ളി സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ എത്തുന്നവർക്ക് ഈ കുടുംബകല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ ജീവിതം അറിയാം. കല്ലറയിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കരിക്കം പള്ളി അഡ്വ. കെ.ടി. മത്തായിയുടെയും ഭാര്യ റോസമ്മയുടെയും ജീവചരിത്രം തെളിയും. ഇവരുടെ ജീവിതചിത്രങ്ങളും കുടുംബാംഗങ്ങളുടെ വിവരവും അറിയാം. ആദരാഞ്ജലി അർപ്പിക്കാം. സന്ദർശകർക്കായി സൈറ്റിൽ ഡിജിറ്റൽ വിസിറ്റേഴ്സ് ബുക്കും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന തത്തംപള്ളി കരിക്കംപള്ളി കെ.ടി. മത്തായി 2011 ഡിസംബർ 15 നാണ് അന്തരിച്ചത്. ഭാര്യ റോസമ്മ 2016 ഏപ്രിൽ 2 2 നും മരിച്ചു. വരും തലമുറയ്ക്ക് ഇവരെക്കുറിച്ചറിയാൻ അവസരമൊരുക്കുന്നതിനാണ് ക്യു ആർ കോഡ് കല്ലറയിൽ പതിച്ചത്. മാധ്യമപ്രവർത്തകനായിരുന്ന മകൻ തോമസ് മത്തായി കരിക്കം പള്ളിൽ സാമൂഹ്യമാധ്യമത്തിൽ കണ്ട ഒരു വീഡിയോയിൽ നിന്നാണ് ആശയത്തിൻ്റെ തുടക്കം. വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ അവരും ചേർന്നു. ലാസ്റ്റ് ഗിഫ്റ്റ് എന്ന സ്റ്റാർട്ടപ്പാണ് സാങ്കേതിക പിന്തുണ നൽകിയത്. പുതുതായി ഓരോ വിവരവും കൂട്ടിച്ചേർക്കുന്നതിനും സാധിക്കും.മൺമറഞ്ഞ് വർഷങ്ങൾക്കു ശേഷം അവരുടെ ജീവിതം വായിക്കാൻ ക്യു ആർ കല്ലറയിൽ പതിപ്പിക്കുന്നത് അപൂർവമാണ്.