ആലപ്പുഴ തീരത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ നിരോധിത വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകം. ട്രോളിംഗ് നിരോധന കാലയളവിലെ നിയമം ലംഘിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. വിവരം അറിഞ്ഞിട്ടും ഫിഷറീസ് വകുപ്പ് കണ്ണടക്കുന്നുവെന്നാണ് മൽസ്യത്തൊഴിലാളികളുടെ പരാതി.
പുറക്കാട് പുറംകടലിലാണ് തമിഴ്‌നാട് കുളച്ചൽ സ്വദേശികളുടെ നേതൃത്വത്തിൽ അനധികൃത മത്സ്യ ബന്ധനം നടക്കുന്നത്. ഫിഷറീസ് വകുപ്പ് നിരോധിച്ച വല ഉപയോഗിച്ചാണ് മത്സ്യ ബന്ധനം. ഇപ്പോൾ കൂടുതലായി വലിയ കിളിമീനാണ് ലഭിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വളരെ പ്രതീക്ഷയോടെ കാണുന്ന ട്രോളിങ് നിരോധന കാലയളവിലാണ് സർക്കാർ നിർദേശങ്ങൾ കാറ്റിൽപ്പറത്തി നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നത്.ഫിഷറീസ് വകുപ്പുദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃത മത്സ്യബന്ധനം നടക്കുന്നതെന്നും പരമ്പരാഗത മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പുലർച്ചെ പുറം കടലിൽ പോകുന്ന വള്ളങ്ങൾ വൈകിട്ട് മൂന്നുമണിയോടെ തിരിച്ചെത്തും. പ്രാദേശിക മത്സ്യവിൽപന ഏജന്‍റുമാരുടെ ഒത്താശയോടെയാണ് നിരോധിത വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം. ഇവർ കൊണ്ടുവരുന്ന മൽസ്യം ഏജന്‍റുമാരാണ് ലേലം ചെയ്ത് വിൽപ്പന നടത്തുന്നത്. ഇക്കാരണത്താൽ തങ്ങൾ പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്നില്ലെന്ന പരാതിയാണ് പരമ്പരാഗത തൊഴിലാളികൾക്ക് .