മാവേലിക്കരയിൽ വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സ്കൂളുകളിലേക്ക് ഡിവൈഎഫ്ഐ എഐവൈഎഫ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. അതേസമയം വിദ്യാർഥികളെ കൊണ്ട് കാൽ കഴുകിച്ചെന്ന ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കാലിൽ പുഷ്പങ്ങളിടുക മാത്രമാണ് ചെയ്തതെന്നും പരാതികളെ നിയമപരമായി നേരിടുമെന്നും ബിജെപി നേതാവ് അഡ്വ.അനൂപ് പറഞ്ഞു.
ബിജെപി നേതാവിന് പാദപൂജ നടത്തിയ നൂറനാട് ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ സ്കൂളിലേക്കുമാണ് ഇടതുപക്ഷ യുവജന സംഘടനകൾ പ്രതിഷേധം നടത്തിയത്. സവർണ മേധാവിത്വവും ആർഎസ്എസ് അജണ്ടയും വിദ്യാർഥികൾക്കുമേൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സ്കൂളുകൾക്ക് 100മീറ്റർ മുമ്പിൽ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചു.
വിദ്യാർഥികളെ കൊണ്ട് കാൽ കഴുകിപ്പിച്ച പഞ്ചായത്തംഗം കൂടിയായ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അനൂപ് രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ. അതേസമയം ബിജെപി നേതാവെന്ന നിലയിലല്ല കുട്ടികൾക്ക് നൈതിക വിഷയങ്ങളിൽ ക്ലാസെടുക്കാറുള്ളയാളാണ് അനൂപെന്ന് സ്കൂൾ വിശദീകരിച്ചു. വിവാദം കെട്ടിച്ചമച്ചതാണെന്നായിരുന്നു അനൂപിന്റെ പ്രതികരണം. കേസുകളെ നിയമപരമായി നേരിടാനാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ തീരുമാനം.