കായംകുളം നഗരസഭയ്ക്ക് കീഴിലുള്ള രണ്ട് ആശുപത്രികൾ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. ഹോമിയോ ആശുപത്രിയും ആയുർവേദ ആശുപത്രിയുമാണ് വാടകക്കെട്ടിടത്തിൽ. വാടക ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്.
ഹോമിയോ ആശുപത്രിക്ക് 30 സെന്‍റ് സ്ഥലം സ്വന്തമായി ഉണ്ട്. ഹോമിയോ ആശുപത്രിക്ക് നിലവിലുണ്ടായിരുന്ന കെട്ടിടം യഥാസമയം പുനരുദ്ധാരണം നടത്താതിരുന്നതാണ് പ്രശ്നമായത്. ഒരു മഴ പെയ്താൽ ആശുപത്രി പരിസരം വെള്ളക്കെട്ടിലാണ് .ഹോമിയോ ആശുപത്രി ഒപി ഒരുവർഷം മുൻപ് വാടകകെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോൾ കിടത്തി ചികിൽസ വിഭാഗവും ഇവിടെനിന്നും മാറ്റി. നാട്ടുകാർ പണം പിരിച്ചാണ് വർഷങ്ങൾക്ക് മുൻപ് സ്ഥലം വാങ്ങിയത്. മെയ്ന്‍റനൻസ് ഗ്രാന്‍റ് ചിലവഴിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ആശുപത്രി പരിസരം വെള്ളക്കെട്ട് ആകാൻ കാരണം.
കൊറ്റുകുളങ്ങരയിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ ആശുപത്രിയുടെ സ്ഥിതിയും മറിച്ചല്ല. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ആശുപത്രി വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് രണ്ട് വർഷമായി. ദേശീയ പാത നിർമാണത്തിനു സ്ഥലം ഏറ്റെടുത്തത്തോടെ ആശുപത്രിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റി. അവശേഷിച്ച ഭാഗത്ത് അശാസ്ത്രീയ നിർമാണം നടത്തിയതോടെ പ്രവൃത്തികൾ നിർത്തി. രണ്ട് കെട്ടിടത്തിനുമായി ലക്ഷങ്ങളാണ് നഗരസഭ വാടക ഇനത്തിൽ നൽകുന്നത്.