ആറുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആലപ്പുഴ നൂറനാട് മൾട്ടി സ്പെഷല്‍റ്റി ആശുപത്രി കെട്ടിടത്തിൽ ചോർച്ച. പുരുഷന്മാരുടെ വാർഡിൽ ഉൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായി. അതേസമയം സിമന്‍റ് തേച്ച് നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
23 കോടി രൂപ മുടക്കി നിർമിച്ച സർക്കാർ ആശുപത്രി കെട്ടിടം ജനുവരി മൂന്നിന് മന്ത്രി വീണാ ജോർജാണ് ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തത്. പിന്നാലെ തന്നെ കെട്ടിടത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തകർത്തു പെയ്ത മഴയോടെയാണ് പുറംമോടിയിൽ പൊതിഞ്ഞ കെട്ടിടത്തിന്‍റെ ദുരവസ്ഥ പുറത്തുവന്നത്. വാർഡും വരാന്തയുമെല്ലാം ചോർന്നൊലിച്ചു. പരന്ന വെള്ളത്തിൽ തെന്നി വീഴാതിരിക്കാൻ പേസ്പോഡ് വിരിച്ച് ആശ്വാസം കണ്ടെത്തേണ്ട ഗതികേടിലായി ജീവനക്കാരും രോഗികളും.
കെട്ടിട നിർമ്മാണത്തിൽ ഗുരുതര അഴിമതിയും ക്രമക്കേടും നടന്നെന്നാണ് യൂത്ത് കോൺഗ്രസിന്‍റ് ആരോപണം. കോടികൾ മുടക്കി കെട്ടിടം നിർമ്മിച്ചിട്ടും മഴ നനഞ്ഞിരിക്കേണ്ട ഗതികേടിലാണ് ചികിത്സയ്ക്ക് എത്തുന്നവർ. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.