കുട്ടനാട്ടിലെ വെളിയനാട് വെള്ളം പൊങ്ങിയ റോഡിൽ വള്ളംകളി നടത്തി നാട്ടുകാരുടെ പ്രതിഷേധം'. KSRTC ബസുകൾ അടക്കം സർവീസ് നടത്തുന്ന കിടങ്ങറ- കണ്ണാടി റോഡിലെ വെള്ളപ്പൊക്കം തടയാൻ നടപടിയുണ്ടാകാത്തതിലാണ് വള്ളംകളി നടത്തിയുള്ള പ്രതിഷേധം. എ.സി റോഡിൽ നിന്ന് കുട്ടനാടിൻ്റെ വിവിധ പ്രദേശങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡ് വെള്ളത്തിൽ മുങ്ങിയിട്ട് ദിവസങ്ങളായി
കുട്ടനാടിന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ് വള്ളംകളി. എന്നാൽ ഈ വള്ളംകളി സഹികെട്ടിട്ട് നടത്തിയതാണ്. ആറ്റിലോ തോട്ടിലോ അല്ല, വെള്ളത്തിൽ മുങ്ങിയ റോഡിലായിരുന്നു എന്നു മാത്രം. ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാനപാതയിൽ നിന്നുള്ള ആദ്യത്തെ ബൈ റോഡാണ് കിടങ്ങറയിൽ നിന്ന് കണ്ണാടിയിലേക്കുള്ളത്. ഈ റോഡ് വെള്ളത്തിൽ മുങ്ങിയിട്ട് ദിവസങ്ങളായി . റോഡിലെ വെള്ളം ഒഴിവാക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് നേത്യത്വത്തിൽ പ്രതിഷേധ വള്ളം കളി നടത്തിയത്
വെളിയനാട് പുളിഞ്ചോട് ജങ്ഷനിലായിരുന്നു വള്ളംകളി. പുളിങ്കുന്ന്, കാവാലം , കണ്ണാടി, മങ്കൊമ്പ്, ചതുർത്ഥ്യാകരി , കായൽപുറം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും KSRTC ബസുകളും നൂറുകണക്കിന് യാത്രക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ചങ്ങനാശേരിയിൽ നിന്നും കുട്ടനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 16 സ്കൂൾ ബസ്യകൾ ഇതുവഴിയാണ് പോകുന്നത്. രണ്ടു സ്കൂളുകൾ ,5 ആരാധനാലയങ്ങൾ എന്നിവയെല്ലാം ഈ റോഡിന് സമീപത്താണ്. മണിമല ആറ്റിൽ വെള്ളം കൂടുമ്പോൾ പാടശേഖരത്തിൻ്റെ ബണ്ട് കവിഞ്ഞാണ് റോഡ് മുങ്ങുന്നത്.