ഇസ്രായേലിനേയും ഇറാനെയും പോലെ സമാധാനം പുലരാത്ത രാജ്യങ്ങൾ ഒരു ക്യാൻവാസിലാക്കിയാൽ എങ്ങനെ ഉണ്ടാകും? ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ഇടനാഴികളിലെ ജീവിതങ്ങൾ ഒരു മുറിക്കുള്ളിൽ ഒതുക്കാനാകുമോ? ഇങ്ങനെ സമൂഹത്തിന്റെ ഒരു പതിപ്പ് കാണാം മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളജിൽ.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യർ. എന്തോ സ്വപ്നം കണ്ട്, ഏതോ ലക്ഷ്യം തേടി മുന്നോട്ടു നീങ്ങുന്ന പല ജീവിതങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അപ്പു എസ്.ബാബു പറയുമ്പോൾ പ്രദർശനം കാണാനെത്തുന്നവരും അത്ഭുതപ്പെടും. നമ്മളും ഇതിൽ ഒരാളല്ലേ? യാത്രയ്ക്കിടെ ഡൽഹിയിൽ കണ്ട കാഴ്ചകളാണ് ഭവ്യ അജിത്ത് സിമൻറ് ബോർഡിനുള്ളിൽ പ്രതിബിംബമായി ചിത്രീകരിച്ചിരിക്കുന്നത്. തടിയിലും ലോഹത്തിലും ടെറാകോട്ടയിലും തുടങ്ങി പല ചിത്രങ്ങളുണ്ട്, പല രൂപങ്ങളുണ്ട്. ഇവയ്ക്കെല്ലാം പിന്നിൽ ഒരുപാട് കഥകളുണ്ട്.
കോളജിലെ 2021-25 ബാച്ചിലെ വിദ്യാർഥികളുടേതാണ് കലാസൃഷ്ടികൾ. പരസ്യങ്ങൾ രൂപപ്പെടുന്നതെങ്ങനെയെന്നും വിദ്യാർഥികൾ പരിചയപ്പെടുത്തുന്നു. ജൂൺ 9നാണ് പ്രദർശനം തുടങ്ങിയത്.