അമ്പലപ്പുഴ വണ്ടാനം ഇ.എം.എസ്- ഷിഹാബ് നഗർ റോഡിന് സമീപത്തെ കുടുംബങ്ങൾ ഒറ്റ മഴയിൽ പോലും വെള്ളക്കെട്ടിലാകും .15 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്.വെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ച പൈപ്പ്, റോഡ് നിർമാണത്തിന് വേണ്ടി മാറ്റിയിട്ട് പുനസ്ഥാപിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ചെറിയ മഴയായാൽപ്പോലും മലിന ജലത്തിൽ നടക്കാനാണ് ഇവരുടെ ദുർവിധി. ഒൻപത് വർഷമായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണാൻ അധികാരികളാരും ഇവിടേക്ക് എത്തിയിട്ടില്ല. അമ്പലപ്പുഴ വണ്ടാനം ഇ.എം.എസ് ഷിഹാബ് നഗർ റോഡിന് സമീപത്തെ 15 ഓളം കുടുംബങ്ങളാണ് എല്ലാ മഴക്കാലത്തും വെള്ളത്തിലാകുന്നത്.9 വർഷം മുൻപ് റോഡ് നിർമിക്കാനായി ഇവിടെയുണ്ടായിരുന്ന പൈപ്പ് മാറ്റിയതോടെയാണ് പ്രദേശവാസികളുടെ ദുരിതമാരംഭിച്ചത്. വെള്ളക്കെട്ടിന് പരിഹാരമായി പുതിയത് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് പൈപ്പ് മാറ്റിയത്.
ആദ്യ മഴയിൽത്തന്നെ ഇവിടെ വെള്ളം നിറയും അവസ്ഥ. രണ്ട് ദിവസം മഴ പെയ്തപ്പോൾ വീടുകളിലെല്ലാം വെളളം കയറി. വെള്ളക്കെട്ട് കാരണം പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാവുന്നില്ല. മലിന ജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്.ഓട നിർമിക്കാനും പൈപ്പിടാനുമായി 4 തവണ പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല,. ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.