ആലപ്പുഴ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കൽ മന്ദഗതിയിൽ ആയതോടെ അപ്പർ കുട്ടനാടൻ മേഖലയും പുറക്കാട് പഞ്ചായത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളും വെള്ളത്തിൽ .പാട ശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലാണ്. കുട്ടനാട്ടിലേക്ക് നദികളിലൂടെ ഒഴുകിയെത്തുന്ന അധിക ജലം തോട്ടപ്പള്ളിയിലൂടെ കടലിലേക്ക് ഒഴുകാൻ മാർഗമില്ലാത്തതാണ് വീടുകളും പാടശേഖരങ്ങളും വെള്ളത്തിലാകാൻ കാരണം.
അറബിക്കടലിൻ കപ്പൽ മുങ്ങി കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതാണ് തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കുന്നത് വൈകുന്നതിന്ന് കാരണം . എണ്ണപ്പാടയും രാസ മാലിന്യവും പാടശേഖരങ്ങളിലും ഉൾത്തോടുകളിലും എത്തുമെന്ന കാരണം പറഞ്ഞാണ് പൊഴി മുറിക്കൽ മന്ദഗതിയിലാക്കിയത്. നിരവധി മണ്ണു മാന്ത്രിയന്ത്രങ്ങൾ ഉപയോഗിച്ചാണ് നേരത്തെ പൊഴി മുറിച്ചിരുന്നത്. ഇപ്പോൾ 5 യന്ത്രങ്ങൾ മാത്രമാണ് പൊഴിമുറിക്കാനുള്ളത്. കരിമണൽ ലോബിയെ സഹായിക്കാനാണ് കണ്ടെയ്നറിലെ രാസ മാലിന്യത്തിൻ്റെ പേരിൽ മണ്ണുമാറ്റുന്നത് വൈകിപ്പിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
20 മീറ്റർ വീതിയിൽ പൊഴി മുറിച്ചാൽ മാത്രമേ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകു. ഇപ്പോൾ 10 മീറ്റർ വീതിയിൽ മാത്രമാണ് പൊഴി മുറിക്കുന്നത്.ഈ വീതിയിൽ പൊഴി മുറിച്ചാൽ ഇരുവശത്തു നിന്നും മണ്ണിടിഞ്ഞ് വീണ് നീരൊഴുക്ക് തടസ്സപ്പെടും. കിഴക്കൻ മലയോരത്ത് നിന്ന് വലിയ അളവിൽ വെള്ളം എത്തിയതോടെ നിരവധി അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്നാണ് ആശങ്ക. ആറുകളിലും തോടുകളിലും ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പം ഉയർന്നിട്ടുണ്ട്.