ഒരു വായനശാലയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ജനകീയ ലാബ് ഒരുങ്ങുന്നു. ആലപ്പുഴ മുഹമ്മ കായിപ്പുറം സൗഹൃദവേദി വായനശാലയുടെ കീഴിൽ കായിപ്പുറം-പാതിരാമണൽ ബോട്ട്ജെട്ടി റോഡിന് സമീപം നിർമിച്ച രജനി നീതിലാബ് ശനിയാഴ്ച നാടിനു സമർപ്പിക്കും. വായനശാലയുടെ പ്രസിഡൻ്റും മുൻ കോടതി ജീവനക്കാരനുമായ ടി. കുഞ്ഞുമോൻ , ഭാര്യ രജനിയുടെ ഓർമയ്ക്കായിട്ടാണ് ലാബ് നിർമിച്ചു വായനശാലയ്ക്ക് കൈമാറുന്നത്.
ഭാര്യയുടെ ഓർമ നിലനിർത്താൻ നാട്ടുകാർക്ക് എപ്പോഴും ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഉണ്ടാകണം എന്ന ചിന്തയിൽ നിന്നാണ് മുഹമ്മ കായിപ്പുറത്ത് ജനകീയ ലാബിന്‍റെ പിറവി. സൗഹൃദവേദി വായനശാലയാണ് നടത്തിപ്പുകാർ. വായനശാല പ്രസിഡന്‍റായ കുഞ്ഞുമോന്‍റെ 20 സെന്‍റ് സ്ഥലത്ത് 850 ചതുരശ്ര അടിയിൽ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് നിർമിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് നിർമാണം തുടങ്ങിയത്. അത്യാധുനിക ഓട്ടോമാറ്റിക് മെഷീനുകളാണ് ലാബിലുള്ളത് പരിശോധനകൾക്ക് കൾക്കും 40 മുതൽ 50 ശതമാനം വരെ ഇളവുണ്ട്. അനാ ഥരായ കിടപ്പുരോഗികൾക്ക് പരിശോധന സൗജന്യമാണ്.
വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച മുൻ ആരോഗ്യമന്ത്രി വി എം സുധീരൻ ലാബ് നാടിനു സമർപ്പിക്കും. കായിപ്പുറത്തിന്‍റെ സാംസ്കാരിക കേന്ദ്രമായ സൗഹൃദ വേദി വായനശാലയുടെ കീഴിൽ വർഷങ്ങളായി എട്ട് സ്വാശ്രയ സംഘങ്ങളും കുട്ടികളുടെ ചങ്ങാതിക്കൂട്ടവും പ്രവർത്തിക്കുന്നുണ്ട്